അടുത്ത ചിങ്ങം ഒന്നിന് കേരളാ ബാങ്ക് നിലവില്‍ വരും

തിരുവനന്തപുരം : കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുന്നു. അടുത്ത ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16-ന്) കേരളാ ബാങ്ക് നിലവില്‍ വരും എന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം. പദ്ധതി അവലോകനത്തിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

സഹകരണ വകുപ്പിന്റെ ആധുനികവത്കരണം നല്ല നിലയില്‍ മുന്നോട്ടുപോകുന്നുവെന്നും പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവത്കരണത്തിന് നടപടി ആരംഭിച്ചു കഴിഞ്ഞതായും അവലോകന യോഗത്തില്‍ പറഞ്ഞു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്. ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടിയുള്ള മാറ്റമാണ് കേരളാ ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.