പദ്മാവത് രാജ് പൂത്ത് പ്രതാപം പ്രകീര്‍ത്തിക്കുന്ന ചിത്രം, കര്‍ണിസേന പ്രതിഷേധം പിന്‍വലിക്കുന്നു
രാജ് പുത്തുകളുടെ വികാരത്തെ വൃണപ്പെടുത്തുന്ന യാതൊന്നും പദ്മാവതില്‍ ഇല്ലായെന്നും അതുകൊണ്ടു തന്നെ തങ്ങള്‍ ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നും കര്‍ണി സേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഡല്‍ഹി ഭരണാധികാരി അലാവുദ്ദിന്‍ ഖില്‍ജിയും മേവാര്‍ രാജ്ഞി പദ്മിനിയും തമ്മിലുള്ള ചിത്രത്തിലെ സീനുകളില്‍ ആക്ഷേപാര്‍ഹമായ ഒന്നും തന്നെയില്ല, രാജ് പുത്തുകളുടെ പ്രതാപം വിളിച്ചോതുന്ന ചിത്രമാണിതെന്നും മുംബൈയിലെ കര്‍ണി സേനാ നേതാവ് യോഗേന്ദ്ര സിംഗ് ഖട്ടാര്‍ പറഞ്ഞു.
ദേശീയ നേതാവായ സുഖ്ദേവ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരം കര്‍ണിസേനയുടെ ചില പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച പദ്മാവത് കാണുകയുണ്ടായി, ചിത്രം രാജ് പുതുകളുടെ ത്യാഗത്തെയും ശൗര്യത്തെയും പ്രകീര്‍ത്തിക്കുന്നു, ഓരോ രാജ് പുത്തുകളും ചിത്രം കാണണമെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണാധികാരികളുമായി ചേര്‍ന്ന് ഈ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള എല്ലാ സഹകരണവും നല്‍കുമെന്നാണ് കര്‍ണിസേന ഇപ്പോള്‍ പറയുന്നത്.
ചിത്രം രാജ്യവ്യാപകമായി നിരോധിക്കണം എന്ന ആവശ്യവുമായി രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ണിസേനയുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലും നടന്നു. സംഘപരിവാര്‍ പ്രത്യക്ഷമായും ബിജെപി പരോക്ഷമായും ചിത്രത്തിന് നേരെയുള്ള പ്രതിഷേധത്തെ അനുകൂലിച്ചിരുന്നു. രാജസ്ഥാന്‍ ഗുജറാത്ത് തുടങ്ങിയ ബിജെപി സര്‍ക്കാരുകള്‍ പ്രതിഷേധത്തിന്റെ പേരില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചതിനെ സുപ്രീം കോടതി റദ്ദുചെയ്തിരുന്നു.