മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വര്‍ണ്ണ ബിസ്കറ്റ്’ അയച്ച് യൂത്ത് ലീഗ് പ്രതിഷേധം
സ്വര്‍ണ്ണകടത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മാക ‘സ്വര്‍ണ്ണ ബിസ്‌ക്കറ്റ്’ അയച്ചു പ്രതിഷേധം. യൂത്ത് ലൂഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ ഫിറോസ് പ്രതിഷേധത്തിന്റെ ഭാഗമായി. കഴിക്കാനുള്ള സാധാരണ ബിസ്കറ്റ് പൊതികൾ സ്വർണ നിറമുള്ള പേപ്പറിൽ പൊതിഞ്ഞാണ് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് അയക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയിലേക്ക് കൂടി കാര്യങ്ങള്‍ എത്തുമെന്ന് കണ്ടതിനാലാണ് എം ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും ചെന്നിത്തല പറഞ്ഞു. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ഭാഗമാവുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കേവലം ഐ.ടി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയത് കൊണ്ട് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. സ്പ്രിംഗ്‌ളര്‍ കരാര്‍, ഇ-മൊബിലിറ്റി കരാര്‍, ബെവ് ക്യൂ ആപ്പ് തുടങ്ങിയ സമകാലിക അഴിമതി ആരോപണങ്ങളില്‍ ഐ.ടി സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നതെന്നും ഫിറോസ് പറഞ്ഞു.








