വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് വേണ്ടി പണം ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടു വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് സോഷ്യല്‍മീഡിയയിലൂടെ പണം തട്ടിയ യുവാവ് പിടിയില്‍. പാനൂര്‍ രൂപക്കുന്ന് സ്വദേശിയായ മുജ്താബ് (27) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെറിയ കുട്ടികളുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് ചികിത്സാസഹായം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

ജില്ല കേന്ദ്രീകരിച്ച് വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വിലസുന്നുവെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നത്. പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ പേജ് ഉണ്ടാക്കുന്നത്. തുടര്‍ന്ന് പണം ചോദിച്ച് സുഹൃത്തുകള്‍ക്ക് സന്ദേശമയക്കുകയാണ് ഇവരുടെ രീതി. കൊയിലാണ്ടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സി. സുബാഷ് ബാബുവിന്റെ നേതൃത്വത്തില്‍. എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ. മണികണ്ഠന്‍, വിജു വാണിയംകുളം, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പയ്യോളി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.