നിക്ഷേപക തട്ടിപ്പ് ; മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയില്‍
സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നടനും വ്യവസായിയുമായ പ്രവീണ്‍ റാണ പോലീസ് പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീണ്‍ കസ്റ്റഡിയിലാകുന്നത്. കഴിഞ്ഞ ആറിനാണ് ഇയാള്‍ സംസ്ഥാനം വിട്ടത്. കഴിഞ്ഞ ദിവസം പൊലീസ് റാണയെ പിടികൂടുന്നതിനായി കൊച്ചി കടവന്ത്രയിലെ പങ്കാളിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റിലെത്തിയെങ്കിലും സാഹസികമായി രക്ഷപെട്ടിരുന്നു. തൃശൂര്‍ പൊലീസെത്തുമ്പോള്‍ റാണ ഫ്‌ലാറ്റിലുണ്ടായിരുന്നു. പരിശോധനകള്‍ക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോഴാണ് റാണ മറ്റൊരു ലിഫ്റ്റില്‍ രക്ഷപ്പെട്ടത്. പൊലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ ബി.എം.ഡബ്ല്യൂ കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ പൊലീസ് ചാലക്കുടിയില്‍ വാഹനം തടഞ്ഞപ്പോള്‍ റാണ അതില്‍ ഇല്ലായിരുന്നു.
ഫ്‌ലാറ്റില്‍നിന്ന് ഇയാള്‍ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവക്കും അങ്കമാലിക്കും ഇടയില്‍ വെച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം ആരംഭിക്കുകയായിരുന്നു.തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ്ങ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേണ്‍ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. ഇത്തരത്തില്‍ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീണ്‍ റാണ നടത്തിയിരിക്കുന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ല്‍ അനന്‍ എന്ന ചിത്രം നിര്‍മിക്കുകയും ഇതില്‍ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീണ്‍ റാണ. 2022 ലെ ചോരന്‍ എന്ന സിനിമയും നിര്‍മിച്ച് അതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീണ്‍ റാണയായിരുന്നു.