ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍.

കൊച്ചി: തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റില്‍ രാജിനെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ചോദ്യംചെയ്തു വരികയാണ്.

അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കുട്ടിയുടെ വീട്ടില്‍നിന്ന് മൊബൈല്‍ഫോണും കവര്‍ന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണ്‍ ആണ് പ്രതി വീട്ടില്‍നിന്ന് മോഷ്ടിച്ചതെന്ന് ബന്ധുവായ യുവാവ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഒരു പേഴ്‌സ് അരിച്ചുപെറുക്കിയശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നുവെന്നും ബന്ധു വെളിപ്പെടുത്തി.

രാത്രി ഫോണ്‍ വന്നിട്ടാണ് വിവരമറിഞ്ഞത്. അതോടെ നേരേ പോലീസ് സ്റ്റേഷനിലേക്ക് പോയി. അമ്മയും കുട്ടികളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രി 12.30-ഓടെ എല്ലാവരും കിടന്നു. വാതില്‍ പൂട്ടിയിരുന്നെങ്കിലും ജനല്‍ തുറന്നിട്ടിരുന്നു. ജനല്‍ വഴി കൈയിട്ട് താക്കോല്‍ കൈക്കലാക്കിയാണ് പ്രതി വാതില്‍തുറന്നത്. എട്ടു വയസ്സുകാരിയും രണ്ട് സഹോദരങ്ങളും ഹാളില്‍ കിടക്കുകയായിരുന്നു. ഇളയകുട്ടിയും അമ്മയും മുറിയിലാണ് കിടന്നിരുന്നത്. അമ്മയുടെ മുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ബന്ധു പറഞ്ഞു.

സംഭവദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ പാറശ്ശാല ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റിലാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. ഇയാള്‍ 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു. മകന്‍ ഒന്നര വര്‍ഷം മുന്‍പ് ആലുവയിലേക്ക് പോയതാണെന്ന് ക്രിസ്റ്റിലിന്റെ മാതാവും പ്രതികരിച്ചിരുന്നു.

18 വയസ്സ് മുതലാണ് ഇയാള്‍ മോഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണ്‍ മോഷണമാണ് പതിവ്. പകല്‍ മുഴുവന്‍ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് ജീവിതരീതി. പിന്നീട് രാവിലെയാണ് വീട്ടില്‍ തിരിച്ചെത്തിയിരുന്നത്. മൊബൈല്‍ മോഷണം പതിവാക്കിയ ഇയാളുടെ മുറിയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നതായും വിവരങ്ങളുണ്ട്. രാത്രി എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാല്‍ മകന്‍ ചീത്തവിളിക്കുമെന്നാണ് മാതാവും ഇയാളെക്കുറിച്ച് പറഞ്ഞത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലര്‍ച്ചെ 2.15-ഓടെ വീട്ടില്‍ക്കയറി ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി നടന്നുപോകുന്നതും കുട്ടിയെ മര്‍ദിക്കുന്നതും കണ്ടു. ഇതോടെ മറ്റുഅയല്‍ക്കാരെ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

തൊട്ടുപിന്നാലെ പ്രതി കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് നിഗമനം. തിരച്ചിലിനിടെ ചോരയൊലിച്ച നിലയിലാണ് പെണ്‍കുട്ടി നാട്ടുകാരുടെ അടുത്തേക്ക് ഓടിയെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വ്യാഴാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിരുന്നു.