സ്‌കൂളില്‍ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചു; പരാതിയുമായി പിതാവ്
ശിവമോഗ: കര്‍ണാടകയിലെ സ്‌കൂളില്‍ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്ന പരാതിയുമായി പിതാവ്. ശിവമോഗയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഉച്ചഭക്ഷണത്തിനൊപ്പം കുട്ടിയെ അധ്യാപകന്‍ നിര്‍ബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ചെന്ന് പിതാവിന്റെ പരാതി. മുട്ട കഴിച്ചതിന് പിന്നാലെ മകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പിതാവ് ശ്രീകാന്ത് പറയുന്നു. ശിവമോഗ ജില്ലയിലെ ഹൊസനഗര താലൂക്കിലെ അമൃത ഗ്രാമത്തിലെ കെപിഎസ് പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പരാതിയിലെ ആരോപണങ്ങള്‍ അധ്യാപകന്‍ നിരസിച്ചു. ആരോഗ്യകരമായ ഭക്ഷണശീലം സ്വീകരിക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ചെയ്തതെന്നാണ് അധ്യാപകന്റെ വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി നവംബര്‍ 23 വ്യാഴാഴ്ച ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കുട്ടി തന്നെ മുട്ട ആവശ്യപ്പെട്ടതാണെന്നും നിര്‍ബന്ധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അധ്യാപകന്‍ വിദ്യാര്‍ഥികളോട് മുട്ട വേണമെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി കൈ ഉയര്‍ത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു വിദ്യാര്‍ത്ഥിയെയും മുട്ട കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
‘ഞങ്ങള്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്, എന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിക്ക് നിര്‍ബന്ധിച്ച് മുട്ടകള്‍ നല്‍കിയിരുന്നില്ല. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഞങ്ങള്‍ പരിശോധിക്കും. എന്തെങ്കിലും പിഴവുണ്ടായാല്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും’ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പരമേശ്വരപ്പ സിആര്‍ വ്യക്തമാക്കി.