സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല, ബോധപൂര്‍വം ചട്ടം ലംഘിച്ചിട്ടില്ല- പ്രശാന്ത്

തിരുവനന്തപുരം: ഭരണഘടനയുടെ പരമാധികാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. ബോധപൂര്‍വം ഒരു ചട്ടവും ലംഘിച്ചിട്ടില്ല. എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കൈപ്പറ്റാനെത്തിയതായിരുന്നു പ്രശാന്ത്.
‘ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷനാണ്. കുറേകാലം സ്‌കൂളിലും ലോ കോളേജിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സസ്പെന്‍ഷനിലായിട്ടില്ല. അടുത്ത നടപടിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. വിശദീകരണം ചോദിച്ചില്ലെന്ന പരാതിയൊന്നും തനിക്കില്ല. ഭരണഘടനയുടെ പരമാധികാരത്തിലാണ് വിശ്വസിക്കുന്നത്. ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. ബോധപൂര്‍വം ഒരു ചട്ടവും ലംഘിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ ഡോക്യുമെന്റ് കണ്ടാലേ കാര്യം വ്യക്തമാകുകയുള്ളൂ’, പ്രശാന്ത് പറഞ്ഞു

‘മലയാളത്തില്‍ പല പ്രയോഗങ്ങളുണ്ട്. അത് ഭാഷാപരമായ ചില കാര്യങ്ങളാണ്. എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ഓര്‍ഡര്‍ കണ്ടാലേ എന്താണ് അതില്‍ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാകുകയുള്ളൂ. സത്യം പറയാന്‍ രാഷ്ട്രീയലക്ഷ്യം വേണമെന്നില്ല’.

കേരളത്തിലെ രാഷ്ട്രീയം തനിക്ക് പറ്റിയതാണെന്ന് തോന്നുന്നുണ്ടോ എന്ന് പ്രശാന്ത് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. സത്യസന്ധമായ കാര്യം സംസാരിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശമുണ്ടെന്ന് മാത്രമേ വിശ്വസിക്കുന്നുള്ളൂ. താന്‍ പോയി വാറോല കൈപ്പറ്റട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

തിങ്കളാഴ്ചയാണ് സാമൂഹികമാധ്യമക്കുറിപ്പിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ച കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനേയും മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനേയും സസ്പെന്‍ഡ് ചെയ്യുന്നത്.

പ്രശാന്തിനും ഗോപാലകൃഷ്ണനുമെതിരേയുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഞായറാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഉന്നതതസ്തികയിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍.