നടിയാണ് എങ്കിലും അവളും ഒരു പെണ്ണാണ് ; ആത്മരതിക്ക് അപവാദങ്ങള്‍ പടച്ചുവിടുന്നവര്‍ ഒന്നോര്‍ക്കണം ഒരു സ്ത്രീയാണ് നിന്നെയും ജനിപ്പിച്ചത്

നടി ആക്രമിക്കപ്പെട്ട വാര്‍ത്തയാണ് മിക്ക ചാനലുകളിലും പത്രങ്ങളിലും ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. സംഭവത്തിലെ മുഖ്യ പ്രതി ഇതുവരെ പിടിയിലായിട്ടില്ല എങ്കിലും പല മാധ്യമങ്ങളും നിജസ്ഥിതി അറിയാതെ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനഞ്ഞു വിടുകയാണ്. ഇത്തരം സംഭവങ്ങളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുവാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കുന്നുണ്ട് എങ്കിലും അവള്‍ സിനിമാ താരമാണ് അവള്‍ക്കൊന്നും നഷ്ടമാകാനില്ല എന്ന നിലയില്‍ പല മീഡിയകളും നടിയുടെ പേരും , ചിത്രവും നിരന്തരം നല്‍കിയാണ്‌ വാര്‍ത്തകള്‍ വിടുന്നത്.പടച്ചുവിടുന്ന വാര്‍ത്തകളില്‍ എത്രമാത്രം സത്യാവസ്ഥ ഉണ്ട് എന്ന് ആരും ചിന്തിക്കുന്നില്ല. അതുപോലെ കുറ്റം ചെയ്തവരെ വെള്ളപൂശാനുള്ള ഗൂഡാലോചനയും ഇതിനു പിന്നില്‍ നടക്കുന്നുണ്ട്. അതിനു ഒരു പരിധിവരെ സോഷ്യല്‍ മീഡിയയും സഹായം നല്‍കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത‍ വന്നസമയം പല മാന്യന്‍മാരുടെയും ആദ്യ കമന്റ് തന്നെ “അര്‍ദ്ധരാത്രി അഴിഞ്ഞാടി നടന്നത് കൊണ്ടല്ലേ ഇങ്ങനെ ഉണ്ടായത് , അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നാല്‍ പോരെ” , അതുകഴിഞ്ഞാല്‍ ” ഓ അവള് വലിയ പതിവൃത , നീയൊക്കെ ഇതും ഇതിന്റെ അപ്പുറവും ചെയ്യുന്നവരല്ലേ ” എന്നിങ്ങനെയായിരുന്നു. നടിയുടെ മാതാപിതാക്കളെയും ചിലര്‍ വെറുതെ വിട്ടില്ല. “മകളെ വിറ്റു പുട്ടടിച്ചിട്ട് , ഇപ്പോള്‍ കരഞ്ഞും വിളിച്ചും നടന്നിട്ട് കാര്യമില്ല’ എന്നാണു മറ്റു ചിലരുടെ അഭിപ്രായം. നടി മദ്യപിച്ചിരുന്നു , നടിയാണ് അവരുടെ കാറില്‍ ചെന്ന് കയറിയത്, എന്നൊക്കെ ചില കുട്ടി ഓണ്‍ലൈന്‍ മീഡിയകള്‍ വാര്‍ത്തകള്‍ നല്‍കുകയാണ്. അവര്‍ക്ക് അവരുടെ റേറ്റിംഗ് കൂട്ടുവാനുള്ള ഒരു എളുപ്പവഴിയാണ് ഈ മാധ്യമവ്യഭിചാരം. പിന്നെ പെയ്ഡ് ന്യൂസ് എന്ന ഒരു സംഭവം ഇക്കാലത്തു സര്‍വ്വസാധാരണമായി കഴിഞ്ഞു.

അതുപോലെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കിട്ടിയ ഉടന്‍ ലോകത്തുള്ള എല്ലാവര്‍ക്കും ഷെയര്‍ ചെയ്യുന്ന ചില മാന്യന്‍മാര്‍ ഉണ്ട് സ്ത്രീകളും ഈ വിഷയത്തില്‍ പിന്നോട്ടല്ല എന്നതാണ് ദുഖകരം. അവര്‍ അനുഭവിക്കുന്ന ലൈംഗികദാരിദ്ര്യം ഇത്തരം വാര്‍ത്തകള്‍ കാണുമ്പോഴും ഷെയര്‍ ചെയ്തു നാലുപേരെ കാണിക്കുമ്പോഴും നാല് വയാഗ്ര കഴിച്ച ഉത്തേജനമാകും അവര്‍ക്ക് ലഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ തന്നെ പ്രതികള്‍ അവളുടെ എവിടെയൊക്കെ സ്പര്‍ശിച്ചുകാണും എന്ന ചിന്തയില്‍ ഭാരം ഇറക്കിവെച്ച എത്രയോ മാന്യന്മാര്‍ നമുക്കിടയില്‍ കാണും. അവര്‍ ഒരിക്കലും അവളെ ന്യായീകരിക്കില്ല. കാരണം രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുവാന്‍ പാടില്ല എന്ന മലയാളിയുടെ സദാചാര ബോധത്തിന്റെ ഫലം തന്നെ . രാത്രി ഇറങ്ങി നടക്കുന്ന സ്ത്രീകള്‍ എല്ലാം ശരീരം വില്‍ക്കുവാന്‍ നടക്കുന്നവരാണ് എന്ന ചിന്താഗതി ഇവിടുത്തെ നിയമപാലകര്‍ പോലും വെച്ച് പുലര്‍ത്തുന്നു. കാലം ഇത്രകണ്ട് മാറിയിട്ടും ആ മനോഗതി ആരും മാറ്റുന്നില്ല. ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി രാത്രിയില്‍ സഞ്ചരിച്ചാല്‍ ” ആരെങ്കിലും എന്നെ ഒന്ന് പ്രാപിക്കു എന്ന് പുരുഷന്മാര്‍ക്ക് എന്തുകൊണ്ടാണ് തോന്നുന്നത് “. ഒരു പെണ്ണിനെ കീഴ്പ്പെടുത്തുമ്പോള്‍ അല്ല അവളെ സംരക്ഷിക്കുന്ന സമയമാണ് ഒരു ആണ് ആണായി മാറുന്നത്.അത് സ്വന്തം അമ്മയോ പെങ്ങളോ അല്ല സമൂഹത്തിലുള്ള എല്ലാ പെണ്ണുങ്ങളെയും സംരക്ഷിക്കാന്‍ ഒരു പുരുഷന്‍ ബാധ്യസ്ഥനാണ്.

ഒരു സ്ത്രീയുടെ അനുവാദം ഇല്ലാതെ അവളെ സ്പര്‍ശിക്കുന്നത് തന്നെ നമ്മുടെ നാട്ടില്‍ കുറ്റകരമാണ്. എന്നിട്ടു സ്വന്തം വീടിന് ഉള്ളില്‍ പോലും അവള്‍ സുരക്ഷിതയല്ല. ആരെങ്കിലും അവളെ ഉപദ്രവിച്ചാല്‍ അത് പുറത്തുപറയാന്‍ കഴിയാതെ ഉള്ളില്‍ തന്നെ വെച്ച് മറ്റുള്ളവരുടെ മുന്‍പില്‍ അഭിനയിക്കുന്ന ധാരാളം സ്ത്രീകള്‍ ഉണ്ട്. അതൊക്കെ അവര്‍ പുറത്തു പറഞ്ഞാല്‍ അവര്‍ക്കറിയാം സമൂഹം ആദ്യം കുറ്റപ്പെടുത്തുന്നത് അവളെ മാത്രമാകും. അവളുടെ വസ്ത്രം, നോട്ടം, സമയം എല്ലാം കാരണമാണ് അവന് അല്ലെങ്കില്‍ അവര്‍ക്ക് അവളെ പ്രാപിക്കുവാന്‍ തോന്നിയത് എന്നെ അവര്‍ പറയു. നിയമം അത്തരം കുറ്റം ചെയ്യുന്നവരെ ശിക്ഷിച്ചാലും ഇരയായ പെണ്‍കുട്ടിക്ക് അതിനുശേഷം സമൂഹം നല്‍കുന്ന പേര് നശിച്ചവള്‍ എന്നാകും. എല്ലായിടത്തും ഒറ്റപ്പെടുത്തലുകള്‍ മാത്രമാകും അവള്‍ക്ക് ലഭിക്കുക. വിവാഹം കുടുംബം അതൊക്കെ സ്വപ്‌നങ്ങള്‍ മാത്രമാകും. ബലാല്‍സംഗത്തിനു ഇരയായി എന്ന പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ആയിരക്കണക്കിന് സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ഇതൊക്കെ കാരണമാണ് പലരും നടക്കുന്ന കാര്യങ്ങള്‍ പുറത്തു പറയാത്തത്. എന്നാല്‍ ഇവിടെ ആ നടി എല്ലാം വെട്ടിത്തുറന്നു പറഞ്ഞു. അത് പലര്‍ക്കും ഇഷ്ടമായതുമില്ല. അതുകൊണ്ടുതന്നെ അവളെ പിഴച്ചവളാക്കി മാറ്റാന്‍ രാവും പകലും ശ്രമിക്കുകയാണ് ചിലര്‍. അതില്‍ അവര്‍ വിജയിക്കുകയും ചെയ്യുകയാണ്. വീടിന്‍റെ അടുക്കളയില്‍ മാത്രം ഒതുങ്ങി കഴിയേണ്ടവളല്ല സ്ത്രീ. പുരുഷന്മാര്‍ക്ക് ഉള്ളത് പോലെ സ്വാതന്ത്ര്യം അവള്‍ക്കും നമ്മുടെ രാജ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അവളായി തന്നെ അടുക്കളയില്‍ ഒതുങ്ങി കൂടുന്ന സ്ഥിതിഗതിയാണ് ഇപ്പോള്‍. വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നടികള്‍ ഉള്‍പ്പെടെ വര്‍ഷങ്ങളോളം പഠിച്ച് മികച്ച മാര്‍ക്ക് വാങ്ങി ഉന്നത ജോലികള്‍ വഹിച്ചുവരുന്നവര്‍ പോലും. ഒരു സമയം കഴിഞ്ഞാല്‍ കുടുംബക്കാര്യം നോക്കി വീട്ടിലിരിപ്പാണ്. അത് കണ്ടു വളരുന്ന ആണ്‍കുട്ടികള്‍ക്ക് പോലും തോന്നി പോകും സ്ത്രീ വീട്ടിനുള്ളില്‍ ഇരിക്കേണ്ടവള്‍ ആണെന്ന് അല്ലാതെ പുറത്തിറങ്ങി നടക്കുന്നവര്‍ എല്ലാം “പിഴകള്‍ ആണെന്നും”.