നെഹ്‌റു കോളേജ് ; കൃഷണദാസിനു മുന്‍‌കൂര്‍ ജാമ്യം ; കോളജിൽ പ്രവേശിക്കുന്നതിനു വിലക്ക്

കൊച്ചി : പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ നെഹ്റു ഗ്രൂപ് ചെയർമാൻ പി.കൃഷ്ണദാസിന് മുൻകൂർ ജാമ്യം. കൃഷ്ണദാസിന് എതിരായ എല്ലാ ആരോപണങ്ങളും തള്ളിയാ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിക്കുകയായിരുന്നു. കൃഷ്ണദാസിനെ കേസിൽ പ്രതിയാക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേകിച്ചും പ്രേരണക്കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍റെ വാദങ്ങൾ പൂർണമായും തള്ളിയ കോടതി അന്വേഷണം നടക്കുന്ന കാലയളവിൽ കോളജിൽ പ്രവേശിക്കരുതെന്ന് കൃഷ്ണദാസിനോട് നിർദേശിച്ചിട്ടുണ്ട്.കോളേജ് നടപടിക്രമങ്ങളില്‍ തല്‍ക്കാലം പങ്കെടുക്കരുത്, സംസ്ഥാനം വിട്ട് പോകരുത്, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു നീക്കവും പാടില്ല തുടങ്ങിയവയാണ് ഉപാധികള്‍. ആത്മഹത്യാ പ്രേരണായായിരുന്നു പോലീസ് കൃഷ്ണദാസിനെതിരെ ചുമത്തിയ പ്രധാന കുറ്റം. എന്നാല്‍ കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി, പ്രതിക്ക് കേസില്‍ സജീവ പങ്കാളിത്തമുണ്ടായിരിക്കണമെന്നും പറഞ്ഞു.

പൊതുവായ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളുടെ മേല്‍ കുറ്റം ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കോളേജില്‍ ഇടിമുറിയുണ്ടെന്ന ആരോപണത്തില്‍ വ്യക്തത വേണം. മരിച്ച ജിഷ്ണു പ്രണോയിയുടെ മൃതദേഹത്തില്‍ മുറിവേറ്റതിന്റേയും പരിക്കേറ്റതിന്റെയും പാടുകളുണ്ടെന്ന് ഒരു വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതിനെ പറ്റി സൂചനയില്ലെന്നും കോടതി പറഞ്ഞു. ജിഷ്ണുവിന്‍റെ മരണത്തിൽ കൃഷ്ണദാസിനും മാനേജ്മെന്‍റിനും നേരിട്ടു പങ്കുണ്ടെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകളും കോടതിക്ക് കൈമാറിയിരുന്നു. കോളജിന്‍റെ ദൈനംദിന കാര്യങ്ങളിൽ കൃഷ്ണദാസ് ഇടപെടാറില്ലെന്നും മരണം നടന്ന ദിവസം മറ്റൊരു മെഡിക്കൽ കൗൺസിലിന്‍റെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു എന്നുമാണ് മാനേജ്മെന്‍റ് ഹൈകോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്.