കേരളാ പോലീസിന് പെറ്റിയടിക്കാന്‍ ഒരു കാരണം കൂടി ; ഇരുചക്രവാഹനങ്ങള്‍ പകലും ലൈറ്റ് ഇട്ടു പോകണം എന്ന് നിയമം നിലവില്‍വന്നു

തിരുവനന്തപുരം :  ഇരുചക്ര വാഹനങ്ങള്‍ പകല്‍ സമയവും ഹെഡ്ലൈറ്റ് ഇട്ടുപോകണം എന്ന നിയമം നിലവില്‍വന്നു.  അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുളളതാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്ന 1.4 ലക്ഷം പേരില്‍ 32,524 പേരും ബൈക്ക് യാത്രികരാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യത്തും നിയമം നിലവില്‍ വരുന്നത്. 2003 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പാക്കിയ സംവിധാനമാണ് രാജ്യത്തും നിലവില്‍ വരുന്നത്. അതേസമയം ഇനി  ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓണ്‍ സംവിധാനമുളള വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്. ഇരുചക്രവാഹനങ്ങളുടെ എഞ്ചിന്‍ ഓണാക്കി കഴിഞ്ഞാല്‍ ഒപ്പം ഹെഡ് ലൈറ്റും തെളിയും. ലൈറ്റ് ഓഫ് ചെയ്യാനോ ഓണ്‍ചെയ്യാനോ സ്വിച്ചുണ്ടാകില്ല. വെളിച്ചത്തിന്റെ തീവ്രതകുറയ്ക്കാന്‍ കഴിയുമെന്ന് മാത്രം. പകലും ലൈറ്റ് തെളിക്കുന്നതോടെ തിരക്കുള്ള റോഡുകളില്‍ വലിയവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെടും. പകലും ലൈറ്റ് തെളിയിച്ച് കടന്നു പോകുന്ന ഇരുചക്രവാഹനങ്ങള്‍ ഇതിനകം തന്നെ റോഡുകളില്‍ വ്യാപകമായി കഴിഞ്ഞു. എന്നാല്‍ നല്ല പോലെ സുര്യപ്രകാശം ഉള്ള നമ്മുടെ നാട്ടില്‍ എന്തിനാണ് കൂടതല്‍ സമയവും മൂടല്‍ മഞ്ഞു കാലവസ്ഥ ഉള്ള രാജ്യങ്ങളിലെ നിയമം നടപ്പിലാക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. നിയമം നിലവില്‍ വന്നാല്‍ പോലീസ്സുകാര്‍ക്ക് ഇരുചക്രവാഹനയാത്രക്കാരെ പിടികൂടി ഫൈന്‍ അടിക്കാന്‍ ഒരു കാരണം കൂടിയായി എന്നാണു സോഷ്യല്‍ മീഡിയ പറയുന്നത്.