ഫ്രീക്കന്മാരുടെ ബൈക്കില്‍ നിന്നും പിടിച്ചെടുക്കുന്ന സൈലന്‍സറുകള്‍ പോലീസ് എന്താണ് ചെയ്യുന്നത് എന്നറിയാമോ? വീഡിയോയിലുണ്ടത്

ബംഗളൂരു:രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് മലിനീകരണമാണെന്നതില്‍ തര്‍ക്കമുണ്ടാകില്ല.ഇതില്‍ തന്നെ ശബ്ദ മലിനീകരണം ഒരു പ്രധാന പ്രശ്‌നമാണ്. നാട് നീളെ വിവിധ രാഷ്ട്രീയ മത പ്രവര്‍ത്തകര്‍ നടത്തുന്ന പരിപാടികള്‍, സമരം, ആഘോഷം, ഉത്സവങ്ങള്‍ തുടങ്ങി എന്തിനും ഏതിനും ശബ്ദം കൊണ്ട് കാട്ടിക്കൂട്ടുന്ന ഉപദ്രവം ജനങ്ങള്‍ക്ക് വളരെ അസഹനീയമായിക്കൊണ്ടിരിക്കുകയാണ്.വികസനം വികസനമെന്ന് വാ തോരാതെ വച്ച് കീറുന്ന രാഷ്ട്രീയ നേതാക്കള്‍ മലിനീകരണം തടയാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ദൈവത്തിനു തന്നെയറിയാം. ഇത് കൂടാതെ ചില ഫ്രീക്കന്മാര്‍ ഉപയോഗിക്കുന്ന ബൈക്കുകള്‍, കാറുകള്‍ എന്നിവയും ശബ്ദ മലിനീകരണത്തിന്റെ പ്രധാന കാരണമാണ്.

ബംഗളൂരുവില്‍ ഇത്തരം ബൈക്കുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തി സൈലന്‍സര്‍ ഊരി വാങ്ങുക എന്നതാണ് ബംഗളൂരു പോലീസിന്റെ ഇപ്പോഴത്തെ പ്രധാന പണി. ബംഗളൂരു സിറ്റി പോലീസാണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇങ്ങനെ പിടിച്ചെടുക്കുന്ന പുകക്കുഴല്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാനായി ഒരു യുവാവ് ബംഗളൂരു പോലീസിന് മെസേജ് അയച്ചു. എന്റെ പിടിച്ചെടുത്ത സൈലന്‍സറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ഒരു വീഡിയോ ആണ് പോലീസ് നല്‍കിയത്. ബംഗളൂരു സിറ്റി പോലീസ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ ന്യൂനതകളുള്ള പുകക്കുഴലുകളെല്ലാം റോഡിന്മേല്‍ നിരത്തി വെച്ച് റോഡ് റോളര്‍ കയറ്റിയിറക്കി ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ ആക്കിയിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ പല രസകരമായ കമെന്റുകളും വന്നിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ റോഡ് വരെ നശിച്ച് പോകുമെന്നാണ് ഒരാളുടെ അഭിപ്രായം റോഡ് റോളര്‍ ഇതിനല്ല റോഡുകളുടെ അറ്റകുറ്റ പണി തീര്‍ക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് മറ്റൊരാള്‍ പറഞ്ഞു.