വിഴിഞ്ഞം പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെക്കില്ല എന്ന് അച്യുതാനന്ദന് മറുപടിയുമായി പിണറായി വിജയന്‍
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നിര്‍ത്തി വെക്കണമെന്ന് ഭരണ പരിഷ്കാര കമീഷന്‍ ചെര്‍മാന്‍ വി എസിന്‍റെ ആവശ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണം വന്നത് കൊണ്ട് മാത്രം പദ്ധതി നിര്‍ത്തിവെക്കാനാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ പദ്ധതിയുടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്റെ കത്തിന് മറുപടിയായാണ് പിണറായി ഇത്തരത്തില്‍ പ്രസ്താവിച്ചത്. തുറമുഖ പദ്ധതിക്കെതിരെ വന്ന ആരോപണം അന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. അത് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസമാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ബര്‍ത്ത് ടെര്‍മിനല്‍ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുതെന്നായിരുന്നു മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വി.എസ് ചൂണ്ടിക്കാട്ടിയത്. കത്തിനുള്ള പരോക്ഷ മറുപടിയാണ് പിണറായി നല്‍കിയത്.