ബി നിലവറ തുറക്കുമോ; അമിക്കസ് ക്യൂറി നാളെ എത്തും,

തിരുവനന്തപുരം :ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം ചര്‍ച്ചചെയ്യാനായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നാളെ തലസ്ഥാനത്ത് എത്തും. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് എത്തുന്ന ഗോപാല്‍ സുഹ്രഹ്മണ്യം, ബി നിലവറ തുറക്കുന്ന കാര്യം സംബന്ധിച്ച് രാജകുടുംബാംഗങ്ങള്‍,ക്ഷേത്രം തന്ത്രി, ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ചനടത്തും. കൂടാതെ കോടതി നിയമിച്ച വിദഗ്ദര്‍ നടത്തുന്ന ശ്രീപത്മനാഭസ്വാമി വിഗ്രഹ പരിശോധന ഗോപാല്‍ സുബ്രഹ്മണ്യം നിരീക്ഷിക്കും.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന നിരീക്ഷണം നേരത്തെ സുപ്രീംകോടതി നടത്തിയപ്പോള്‍ രാജകുടുംബം എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബി നിലവിറ തുറക്കുന്ന കാര്യങ്ങള്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്താന്‍ അമിക്കസ് ക്യൂറിയെ കോടതി ചുമതലപ്പെടുത്തി. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആചാര അനുഷ്ടാനങ്ങള്‍ക്കോ വിഗ്രഹ പ്രതിഷ്ഠയ്ക്കോ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയുക.

എന്നാല്‍ ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ഉചിതമാവില്ലെന്നാണ് രാജകുടുംബത്തിന്റെ വാദം.അതുകൊണ്ട് തന്നെ വിഷയത്തില്‍ രാജകുടുംബത്തിന്റെ അനുമതി വാങ്ങുക എന്നതാണ് സന്ദര്‍ശനുദ്ദേശ്യം . നേരത്തെ ബി നിലവറ തുറന്നിട്ടുണ്ടെന്ന വാദങ്ങളും രേഖകളും ഗോപാല്‍ സുബ്രഹ്മണ്യം പരിശോധിക്കുന്നുണ്ട്.ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിലെ സാങ്കേതിക കാര്യങ്ങള്‍,സുരക്ഷ എന്നിവയും അമിക്കസ് ക്യൂറി ചര്‍ച്ചയ്ക്ക് വിധേയമാക്കും.

തലസ്ഥാനത്ത് തങ്ങുന്ന അമിക്കസ് ക്യൂറി ബുധനാഴ്ച സുപ്രീംകോടതി നിയോഗിച്ച വിദഗ്ധര്‍ നടത്തുന്ന ശ്രീപത്മനാഭ സ്വാമി വിഗ്രഹ പരിശോധനയും നിരീക്ഷിക്കും.അമിക്കസ് ക്യൂറി ചര്‍ച്ച നടത്തിയശേഷം, സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ബി. നിലവറ തുറക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് വരിക.