‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് രാജകുടുംബം, അമിക്കസ് ക്യൂറി വൈകിട്ട് ചര്‍ച്ച നടത്തും
തിരുവനന്തപുരം: ചര്‍ച്ച നടത്താതെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് തിരുവിതാംകൂര്‍ രാജകുടുംബം. ചര്‍ച്ച നടത്താതെ നിലവറ തുറക്കാന്‍ തന്ത്രിമാര്‍ തീരുമാനിച്ചാല്‍ നടപടികളില്‍നിന്നു രാജകുടുംബം വിട്ടുനില്‍ക്കുമെന്നും അശ്വതി തിരുന്നാള്‍ ഗൗരിലക്ഷമിഭായ് അറിയിച്ചു. എതിര്‍പ്പിന്റെ കാരണം കോടതിയെ അറിയിക്കും.
അതെ സമയം ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഇന്നു രാവിലെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി. രതീശന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ക്ഷേത്രത്തില്‍ നടക്കുന്ന മൂലവിഗ്രഹ പരിശോധനയുടെ നടപടിക്രമങ്ങളാണു ചര്‍ച്ച ചെയ്തത്.
വൈകിട്ട് കവടിയാര്‍ കൊട്ടാരത്തിലെത്തുന്ന ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബവുമായി സമവായ ചര്‍ച്ച നടത്തും. ബി നിലവറ തുറക്കുന്നത് ഉചിതമാവില്ലെന്നാണ് രാജകുടുംബത്തിന്റെ വാദം.അതുകൊണ്ട് തന്നെ വിഷയത്തില്‍ രാജകുടുംബത്തിന്റെ അനുമതി വാങ്ങുക എന്നതാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നത്.
ഇന്ന് തലസ്ഥാനത്ത് തങ്ങുന്ന അമിക്കസ് ക്യൂറി ബുധനാഴ്ച സുപ്രീംകോടതി നിയോഗിച്ച വിദഗ്ധര്‍ നടത്തുന്ന ശ്രീപത്മനാഭ സ്വാമി വിഗ്രഹ പരിശോധനയും നിരീക്ഷിക്കും. അമിക്കസ് ക്യൂറി ചര്‍ച്ച നടത്തിയശേഷം, സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ബി. നിലവറ തുറക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് വരിക.