ടി-20യില്‍ ഒരു ബൗണ്ടറി പോലും അടിക്കാതെ ടീമിന്റെ ടോപ് സ്‌കോറര്‍;പക്ഷെ ഈ പാക് താരത്തെ കാത്തിരുന്നത് നാണക്കേടിന്റെ റെക്കോര്‍ഡ്

വെല്ലിംങ്ടണ്‍:കൂറ്റനടികളും,ബൗണ്ടറികളും പിറക്കുന്ന ടി-20യില്‍ ടെസ്റ്റ് കളിക്കുന്ന മാതിരി ബാറ്റ് ചെയ്താല്‍ എന്താകും അവസ്ഥ.ആരാധകര്‍ ആ താരം വിക്കറ്റായി പോയിരുന്നുവെങ്കില്‍ എന്നുവരെ ചിലപ്പോള്‍ ആഗ്രഹിച്ചുപോകും.എന്നാല്‍ ആമയിഴഞ്ചന്‍ മോഡലില്‍ ബാറ്റ് ചെയ്ത് നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ് പാക്കിസ്ഥാന്റെ ബാബര്‍ അസം.

കിവീസിനെതിരെ ബൗണ്ടറി നേടാതെ തുടര്‍ച്ചയായി 37 പന്തുകളാണ് ബാബര്‍ അസംനേരിട്ടത്. മത്സരത്തില്‍ 41 പന്തില്‍ ഒരു ബൗണ്ടറി സഹിതം 41 റണ്‍സാണ് ബാബര്‍ അസമിന്റെ സംഭാവന.പക്ഷെ ബാബര്‍ അസമാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.

ഇതിന് മുമ്പ് ഈ റെക്കോര്‍ഡ് സാദ് നസിമിന്റെ പേരിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ 32 പന്തുകളാണ് നാസിം 2014-ല്‍ നേരിട്ടത്. മത്സരത്തില്‍ പാകിസ്താന്‍ ദയനീയ തോല്‍വിയും വഴങ്ങി. ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ കേവലം 105 റണ്‍സിന് പുറത്താകുകയായിരുന്നു. നിശ്ചിത ഇടവേളകളില്‍ കൃത്യമായി വിക്കറ്റുകള്‍ ഉതിര്‍ന്നത് പാകിസ്താന് തിരിച്ചടിയായി.

കിവീസിനായി റാന്‍സ് , സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി .
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നേരത്തെ ഏകദിന പരമ്പര 5-0ത്തിന് പാകിസ്താന്‍ തോറ്റിരുന്നു.