മോദിയെ വധിക്കാന്‍ ഗൂഢാലോചനെയെന്ന് ആരോപണം ; രാജ്യം മുഴുവന്‍ പോലീസ് റെയിഡ് ; നിരവധി ആക്ടിവിസ്റ്റുകള്‍ കസ്റ്റഡിയില്‍

ഭീമ- കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പോലീസ് റെയ്ഡ്. ആക്ടിവിസ്റ്റും കവിയുമായി വരാവറ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂണൈ പൊലീസാണ് ഹൈദരാബാദിലെത്തി റാവുവിനെ അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുകള്‍ അറിയിച്ചു. അതേസമയം പൂണൈയിലെ ഭീമ-കൊറിഗാവ് മേഖലയിലുണ്ടായ ജാതി കലാപവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നിരവധി ആക്ടിവിസ്റ്റുകളെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൂണൈ പൊലീസിന്റെ സ്‌പെഷ്യല്‍ ടീം തെലങ്കാന പൊലീസിന്റെ സഹായത്തോടെയാണ് വരാവററാവുവിനെ അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.കുര്‍മാനത്, ഫോട്ടോഗ്രാഫര്‍ ടി.ക്രാന്തി എന്നിവരുടെ ഹൈദരാബാദിലെ താമസസ്ഥലങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. റാവുവിന്റെ അനന്തരവനാണ് കുര്‍മാനത്. അശോകനഗറില്‍ ഒരേ അപ്പാര്‍ട്ടമെന്റിലെ രണ്ട് ഫ്‌ലാറ്റുകളിലായാണ് ഇരുവരും താമസിക്കുന്നത്.

രാവിലെ ഏഴ് മണിയോടെ രണ്ട് സംഘങ്ങളായാണ് പൊലീസുകാര്‍ ഫ്‌ളാറ്റുകളില്‍ എത്തിയതെന്ന് ഇവരുടെ അയല്‍വാസികള്‍ പറയുന്നു. ഇരുവരുടേയും മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പുകളും രേഖകളും പൊലീസ് കൊണ്ടു പോയി. ഇതേ സമയത്ത് തന്നെയാണ് ടി.ക്രാന്തിയുടെ പടിഞ്ഞാറെ ഹൈദരാബാദിലുള്ള വീട്ടിലും റെയ്ഡ് നടന്നത്. റെയ്ഡ് വിവരം ഇവരുടെ സുഹൃത്തുകളും സഹപ്രവര്‍ത്തകരും ഫ്‌ളാറ്റിന് മുന്നിലെത്തി പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കനത്ത സുരക്ഷയില്‍ പൊലീസ് തങ്ങളുടെ നടപടികള്‍ പൂര്‍ത്തിയാക്കി.

അതേസമയം റാവുവിനെതിരായ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും പൂണൈ പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും തെലങ്കാന പൊലീസ് പിന്നീട് അറിയിച്ചു. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായിട്ടാണ് റാവുവിനെ പിടികൂടിയിരിക്കുന്നതെന്ന് തെലങ്കാന പൊലീസിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വരാവറ റാവു മാധ്യമങ്ങളോട് പറഞ്ഞു. വീരരസം എന്ന പേരിലുള്ള വിപ്ലവകവികളുടെ കൂട്ടായ്മയുടെ നേതാവാണ് വരാവററാവു. ഭീമാ-കൊറിഗാവു കലാപവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ അഞ്ച് പേരും ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവവരാണെന്നാണ് റാവു പറയുന്നത്.

രാജ്യവ്യാപകമായി നടത്തിയ മറ്റു റെയ്ഡുകളില്‍ നിരവധി സാമൂഹികപ്രവര്‍ത്തകരെ പൂണൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദില്ലി,ഫരീദാബാദ്, ഗോവ, മുംബൈ, താനെ,റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. സാമൂഹികപ്രവര്‍ത്തക സുധാ ഭരദ്വാജ്, അരുണ്‍ ഫെറീറ, വെനം ഗൊണ്‍സാല്‍വസ് എന്നീ സാമൂഹികപ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജിനെതിരെ യുഎപിഎ അടക്കം നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുമുണ്ട്. . പോലീസ് റെയ്ഡുകള്‍ക്കെതിരെ പ്രതിഷേധവുമായി ബുക്കര്‍ പുരസ്‌കാര ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് അടക്കമുള്ള പ്രമുഖര്‍ രംഗത്ത് വന്നു. രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണ് ഇതെന്നാണ് അരുന്ധതി റോയി വിമര്‍ശിച്ചത്.