സ്ഫടികം രണ്ട് ; ഇതെന്‍റെ റെയ്ബാന്‍ ഗ്ലാസ് ; സംവിധായകന് മറുപടിയുമായി ഭദ്രന്‍ രംഗത്ത്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. മോഹന്‍ലാല്‍ അനശ്വരമാക്കിയ അതിലെ ആടുതോമ എന്ന കഥാപാത്രം മലയാള സിനിമ ഉള്ള കാലത്തോളം ഏവരും ഓര്‍ക്കുന്ന ഒന്നാണ്. അതുപോലെ ഭദ്രന്‍ എന്ന സംവിധായകന്റെ മാസ്റ്റര്‍പീസ് കൂടിയാണ് സ്ഫടികം.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വരാന്‍ പോകുന്നു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ബിജു ജെ കട്ടക്കല്‍ എന്ന സംവിധായകനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുമെന്ന് പോസ്റ്റുകള്‍ വന്നത്. മലയാളത്തിലെ യുവ സൂപ്പര്‍ താരമാണ് സ്ഫടികം രണ്ടില്‍ നായകനായി എത്തുന്നത് എന്നും പോസ്റ്റ് പറയുന്നു.


ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. അതുപോലെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നും ഒന്നാം ഭാഗത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

വന്‍ ബഡ്ജറ്റില്‍ വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ഈ ചിത്രം നിര്‍മിക്കുന്നു എന്നാണു സംവിധായകന്‍ തന്നെ പോസ്റ്റ് ഇട്ടത്. എന്നാല്‍ പോസ്റ്റിനു തക്കതായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഭദ്രന്‍.

ഇതെന്റെ അച്ഛന്‍ തന്ന റെയ്ബാന്‍ ഗ്ലാസ് ഇതില്‍ തൊട്ടാല്‍ നിന്നെ വെട്ടും എന്ന നിലയിലാണ് സ്ഫടികം രണ്ടിന്റെ പോസ്റ്റര്‍ വന്നത്. ഇതിനു മറുപടിയായി ‘മോനെ ഇതെന്റെ റെയ്ബാന്‍ ഗ്ലാസ് അതില്‍ എങ്ങാനും നീ തൊട്ടാല്‍ ‘ എന്നാണ് ഭദ്രന്‍ മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ രണ്ടാം ഭാഗം ഒരുക്കുവാന്‍ പോകുന്ന സംവിധായകന് ഇന്നലെ മുതല്‍ പൊങ്കാല നടക്കുകയാണ്. രണ്ടാം ഭാഗം വേണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.