പാലായിലെ പോരാട്ടം, പടയൊരുക്കവുമായി മുന്നണികള്‍

കെ. എം മാണി വിട പറഞ്ഞ് ഒഴിവു വന്ന പാലാ സീറ്റിനെ വരുതിയിലാക്കാന്‍ കേരളാ കോണ്‍ഗ്രസ്സ് (എം). ഒദ്യോഗിക ചര്‍ച്ചകള്‍ ഒന്നും തന്നെ തുടങ്ങിയിട്ടില്ലെങ്കിലും ആര് സ്ഥാനാര്‍ത്ഥിയായി വരുമെന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കാതെ പാലാ സീറ്റിനെ കഴിവതും കെ.എം. മാണിയുടെ മരണത്തിലുണ്ടായ സഹതാപ തരംഗം മുന്‍ നിര്‍ത്തി നേരിടാന്‍ ഒരുങ്ങുകയാണ് മാണീഗ്രൂപ്പ്. ആദ്യഘട്ടത്തില്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയ മാണി സി കാപ്പന്റെ മാധ്യമങ്ങള്‍ വഴി ചര്‍ച്ചയിലേക്ക് കൊണ്ട് വന്ന് എതിരാളിയെ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍ എല്‍.ഡി.എഫിലോ മാണി സി കാപ്പന്‍ പ്രതിനിതീകരിക്കുന്ന തങ്ങളുടെ പാര്‍ട്ടിയായ എന്‍.സി.പിയിലോ ഇങ്ങനൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രാദേശിക നേതാക്കള്‍ സ്ഥിതീകരിച്ചു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ശരത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പി യുടെ ഘടക കക്ഷിയായിട്ടാണ് മഹാരാഷ്ട്രീയിലും മറ്റിടങ്ങളിലും സി.പി.എം തുടരുന്നത് അതുകൊണ്ട് തന്നെ ആ സമ്മര്‍ദധത്തെ മറികടന്ന് സി.പി.എമ്മിന് പാലാ സീറ്റ് തുടര്‍ച്ചയായ മൂന്ന് തോല്‍വിയെ മുന്‍ നിര്‍ത്തി ഏറ്റെടുക്കുക എന്നത് അത്ര എളുപ്പമാകില്ല. കെ. എം. മാണി അഴിമതി ആരോപണങ്ങളില്‍ മുങ്ങി നിന്നപ്പോഴും വിജയിച്ച് കയറി വരാന്‍ സാധിക്കാതെ പോയത് സ്ഥാനാര്‍ഥി ദുര്‍ബലനായത് കൊണ്ടാണെന്ന ആക്ഷേപം സി.പി.എമ്മിനുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകളെ മുന്‍ നിരയിലിക്ക് കൊണ്ട് വരിക എന്ന പാര്‍ട്ടി നയം മുന്‍ നിര്‍ത്തി പാലായില്‍ ഇത്തവണ പാര്‍ട്ടിയിലെ പരിണിത പ്രജ്ഞരായ സ്ത്രീകളില്‍ ആരെങ്കിലുമായിരിക്കും സ്ഥാനാര്‍ത്ഥിയായി വരികയെന്ന വാര്‍ത്തയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടപ്പോള്‍ സ്ത്രീകള്‍ സ്ഥാനാര്‍ത്ഥിയായി വരുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നെന്നല്ലാതെ വാര്‍ത്ത സ്ഥിതീകരിക്കാന്‍ അവര്‍ തയ്യാറായില്ല. പി.ജെ. ജോസഫ് വിഭാഗത്തിലെ പ്രാദേശിക നേതാക്കളെ ആരെയും ചര്‍ച്ചയിലേക്ക് ക്ഷണിക്കുകയോ, പങ്കെടുക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കുടുംബത്തില്‍ നിന്നായിരിക്കും സ്ഥാനാര്‍ഥി എന്ന് ജോസ് കെ മാണി പറഞ്ഞത് പാര്‍ട്ടി കുടുംബത്തില്‍ നിന്ന് എന്നാണ് ഉദ്ദേശിച്ചതെന്ന് മുന്‍ എം. പി. ജോയ് എബ്രഹാവും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. പാലാ ബൈ ഇലക്ഷന്‍ കഴിയാന്‍ കാത്തിരിക്കാതെ അതിന് മുന്നേ പൊട്ടിത്തെറികള്‍ക്ക് വഴിമരുന്നിടുകയാണ് ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ പ്രബല വിഭാഗം.

ജോസ് കെ. മാണി രാജ്യ സഭയില്‍ തുടരുകയും ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാതിരുന്ന് മറ്റൊരാളെ മത്സരിപ്പിച്ച് പാര്‍ട്ടി കൈ പിടിയിലാക്കി വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലോ, പാലായിലോ മത്സരിച്ച് സുരക്ഷിതനായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്ന് വരികയുമാണ് ലക്ഷ്യം.

ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂടുതലുള്ള പാലായില്‍ 24821വോട്ട് ബി.ജെ.പി. സ്ഥാനാര്‍ഥിയായ എന്‍. ഹരി നേടിയത് നിയോചകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കും വ്യക്തമായ വോട്ട് ബാങ്ക് ഉണ്ടെന്ന വെല്ലുവിളി യു.ഡി.എഫിനും, എല്‍.ഡി.എഫിനും നല്‍കുന്നുണ്ട്.