അഭയ കൊലപാതകക്കേസ് ; പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നതായി സാക്ഷി മൊഴി
വിവാദമായ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നതായുള്ള സാക്ഷി മൊഴി പുറത്തു . പ്രതികളുടെ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും പൊതുപ്രവര്‍ത്തകനായ വേണുഗോപാലന്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി.
ഫാദര്‍ തോമസ് കോട്ടൂരിനെയും, ഫാദര്‍ ജോസ് പൂതൃക്കയിലിനെയും, സിസ്റ്റര്‍ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുമ്പായിരുന്നു ബിഷപ്പ് ഹൗസിലേക്ക് തന്നെ വിളിച്ചു വരുത്തിയതെന്നാണ് ഏഴാം സാക്ഷിയായ വേണുഗോപാലന്‍ നായരുടെ മൊഴി.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കണമെന്ന് തോമസ് കോട്ടൂരും, ജോസ് പൂതൃക്കയിലും ആവശ്യപ്പെട്ടെന്ന് അദ്ദേഹം മൊഴി നല്‍കി. മാത്രമല്ല ഇതിനായി ഒരു കോടിയോളം രൂപ വാഗ്ദാനം ചെയ്തെന്നും പറഞ്ഞു.
കേസിന്റെ കാര്യങ്ങള്‍ ബിഷപ്പ് ഹൗസില്‍ വച്ച് സംസാരിക്കവേ ഫാദര്‍ തോമസ് കോട്ടൂര്‍ കരച്ചിലിന്റെ വക്കോളമെത്തിയെന്നും സാക്ഷി മൊഴിയില്‍ പറയുന്നുണ്ട്. സിസ്റ്റര്‍ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതി, സഭയുടെ മാനം കാക്കാന്‍ ഇപ്പോള്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് സാക്ഷി മൊഴി.
മാത്രമല്ല ഫാദര്‍ തോമസ് കൊട്ടൂരും, സിസ്റ്റര്‍ സെഫിയും ഭാര്യാ ഭര്‍ത്താക്കന്‍മാരെപ്പോലെയാണ് ജീവിച്ചിരുന്നതെന്ന് ജോസ് പുതൃക്കയില്‍ പറഞ്ഞിരുവെന്നും വേണുഗോപാല്‍ മൊഴി നല്‍കി.