12 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരം

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മെഡിക്കല്‍ കോളേജുള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ 52 പേരാണ് ചികിത്സയ്‌ക്കെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സ്ഫോടനത്തില്‍ മരിച്ച സ്ത്രീ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. നിലവില്‍ 30 പേരാണ് ചികിത്സയിലുള്ളത്. 18 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. ഒരാള്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ആറു പേരില്‍ 12 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. നിലവില്‍ കുട്ടി വെന്റിലേറ്ററിലാണ്. ലഭ്യമായ എല്ലാ ചികിത്സയും കുട്ടിക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

37-ഓളം പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. മെഡിക്കല്‍ കോളേജില്‍ ഐ.സി.യുവിലുള്ളത് 10 പേരാണ്. 10 പേര്‍ വാര്‍ഡിലാണ്. ഇവര്‍ക്ക് സാരമായ പൊള്ളലില്ലാത്തതിനാല്‍ വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തേക്കാം. കൂടാതെ രാജഗിരി ആശുപത്രിയില്‍ ഒരാളും സണ്‍റൈസ് ആശുപത്രിയില്‍ ഒരാളും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുണ്ട്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ 2 പേര്‍ വെന്റിലേറ്ററിലാണ്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
പ്ലാസ്റ്റിക് സര്‍ജന്‍മാരുള്‍പ്പടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ സംഘവും കളമശ്ശേരി മെഡിക്കല്‍ കോളേജിലത്തിയിട്ടുണ്ട് ലഭ്യമായ എല്ലാ ആധുനിക ചികിത്സയും പരിക്കേറ്റവര്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു. തുടര്‍നടപടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്.

ചികിത്സ സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ ബുള്ളറ്റിനില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. ആരോഗ്യവകുപ്പിന്റെ ഹെല്‍പ്ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്. മാനസികാഘാതമേറ്റവര്‍ക്കുള്ള കൗണ്‍സിലിങ് ഉള്‍പ്പടെയും നല്‍കും.