വനിതാകമ്മിഷനും തഴയുന്നു ; ഉഴവൂരിന്റെ കുടുംബത്തിനെതിരായ പരാമര്‍ശത്തില്‍ നടപടിയില്ല, പരാതി നല്‍കിയിട്ട് ഒരാഴ്ച്ച

അന്തരിച്ച  എന്‍.സി.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുബത്തോട് വീണ്ടും സര്‍ക്കാരിന്റെ ക്രൂരത. അദ്ദേഹത്തിന്റെ വീട്ടിലെ സ്ത്രീകള്‍ക്കെതിരെ സുള്‍ഫീക്കര്‍ മയൂരി നടത്തിയ മോശം പരാമര്‍ശങ്ങള്‍ ഉയര്‍ത്തി കാണിച്ച് റാണി സാംജി എന്ന പാര്‍ട്ടി പ്രവര്‍ത്തക വനിതാ കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും നടപടി കൈക്കൊള്ളാന്‍ ചെയര്‍പേഴ്‌സണോ അംഗങ്ങളോ തയ്യാറായില്ല.

കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഫോണ്‍ സംഭാഷണത്തിലുടനീളം ഉഴവൂരിന്റെ കുടുംബത്തിനെതിര നടത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തെളിവെടുപ്പും വനിതാ കമ്മിഷന്‍ ഇതു വരെ നടത്തിയിട്ടില്ല.

ഉഴവൂരിനെതിരെ കൊലവിളി നടത്തിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളാനും എല്‍.ഡി.എഫ്. സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നയം വളരെ വ്യക്തവുമാണ്. മന്ത്രി തോമസ് ചാണ്ടിയും മാണി സി. കാപ്പനും സുല്‍ഫീക്കര്‍ മയൂരിയും ഉള്‍പ്പെടുന്ന എന്‍.സി.പി. ഔദ്യോഗിക പക്ഷത്തിന് കുടപിടിക്കാനാണ് സി.പി.എമ്മിന്റേയും ശ്രമം.

സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവവികാസങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ നീക്കം നടത്തുന്ന വനിതാ കമ്മിഷന്‍ പക്ഷെ ഈ വിഷയത്തില്‍ കേസെടുത്തില്ലെന്നു മാത്രമല്ല, പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും അത് പരിശോധിക്കാന്‍ പോലും തയ്യാറായിട്ടില്ല. എല്‍.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുന്നവരെ സംരക്ഷിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

നേരത്തെ പുറത്തുവന്ന അപൂര്‍ണ്ണ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്ന് വെല്ലുവിളിച്ച മയൂരി പതിയെ തടിതപ്പുകയായിരുന്നു. പല മാധ്യമങ്ങളും ഈ ശബ്ദ രേഖ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നു എന്ന കാരണത്താല്‍ പുറത്തു വിട്ടിരുന്നില്ല.

എന്നാല്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ മന്ത്രിയുടെ പങ്ക് വരെ വെളിപ്പെടുത്തുന്നുമുണ്ട്. സ്ത്രീത്വത്തെ ഇതില്‍പരം അപമാനിതയാക്കാന്‍ കഴിയാത്ത വിധത്തിലാണ് ഫോണ്‍ സംഭാഷണങ്ങള്‍ എങ്കില്‍ കൂടി  അത്തരം ഒരു ഫോണ്‍ സംഭാഷാണത്തിന്റെ ശബ്ദരേഖ പുറത്തു വിടേണ്ടത് രാഷ്ട്രീയ പൊയ്മുഖങ്ങളെ തുറന്നു കാണിക്കാന്‍ ഉപകരിക്കും. ഇതു സംബന്ധിച്ച ശബ്ദ രേഖ പൂര്‍ണ്ണ തോതില്‍ മലയാളി വിഷന്‍ ഉടനെ പുറത്തു വിടും.