ബന്ധുജന നിയമനം ; രാജിവെക്കാന്‍ തയ്യാറായി ജയരാജന്‍

dc-cover-147orതിരുവനന്തപുരം :  ബന്ധുജന നിയമന വിവാദത്തില്‍ രാജി വെക്കാന്‍ തയ്യാറായി വ്യവസായ മന്ത്രി  ഇ പി ജയരാജന്‍. പാർട്ടി ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ താന്‍  രാജി വെക്കാൻ ഒരുക്കമാണെന്ന് അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. നിയമന കാര്യത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് ജയരാജന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.ഇക്കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. മുഖ്യമന്ത്രിയും കോടിയേരിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. മന്ത്രിസ്ഥാനം ഒഴിയണമെന്ന് ജനതാദളും എൻ.സി.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട കൂടിയാലോചനകളാണ് എ.കെ.ജി. സെന്ററില്‍ നടന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്.പ്രാഥമിക അന്വേഷണം വേണമെന്ന് കഴിഞ്ഞദിവസം നിയമോപദേശവും ലഭിച്ചിരുന്നു. ഇത് ചർച്ച ചെയ്യാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യാഴാഴ്ച രാവിലെ എ.ഡി.ജി.പിയും നിയമോപദേശകരും അടക്കമുള്ള വിജിലന്‍സ് ഉന്നതരുടെ യോഗവും വിളിച്ചു ചേർത്തു.അതേസമയം, വ്യവസായവകുപ്പ് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. സംഘടനാനടപടിക്ക് കേന്ദ്രകമ്മിറ്റിക്ക് ശുപാര്‍ശ നല്‍കാനും സാധ്യതയുണ്ട്. ദ്രുതപരിശോധന‌ കൊണ്ടുമാത്രം രാജിവേണ്ടെന്നും വിലയിരുത്തലുണ്ട്. ജയരാജനെതിരെ ത്വരിതാന്വേഷണം വേണമെന്ന നിയമോപദേശവും ലഭിച്ചു. ഇക്കാര്യം വിജിലൻസ് കോടതിയിൽ അറിയിക്കും. ജയരാജനെതിരായ പൊതു താൽപര്യ ഹരജി പരിഗണിക്കുമ്പോഴാണ് വിജിലൻസ് നിലപാട് കോടതിയെ അറിയിക്കുക.