ജയരാജന്‍ രാജിവെക്കുമോ ? നിര്‍ണ്ണായക സെക്രട്ടേറിയറ്റ് യോഗം തുടരുന്നു

e-p-jayarajanതിരുവനന്തപുരം : ബന്ധു നിയമന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇ.പി. ജയരാജന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുരോഗമിക്കുന്നു. വ്യവസായമന്ത്രി ഇ.പി ജയരാജനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഇന്ന് ചേരുന്ന സെക്രട്ടേറിയേറ്റാണ് അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമന വിവാദത്തില്‍ മുഖം രക്ഷിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്നതായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ശക്തമായ തിരുത്തല്‍ നടപടി എടുക്കാനാണ് കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.ജയരാജന്റെ നടപടിയെ ഭൂരിപക്ഷം അംഗങ്ങളും വിമര്‍ശിച്ചു. എകെ ബാലനും എളമരം കരീമുമായിരുന്നു രൂക്ഷ വിമര്‍ശകര്‍. ജയരാജന്റെ നടപടി പാര്‍ട്ടിക്ക് അപമാനമായെന്നും ജയരാജനെതിരെ മാതൃകാപരമായ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഇ.പി. ജയരാജനും പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം എന്തു തന്നെയായാലും അത് അംഗീകരിക്കുമെന്ന് ഇ.പി ജയരാജന്‍ അറിയിച്ചു. വ്യാഴാഴ്ച എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. തീരുമാനം പാര്‍ട്ടി എടുക്കട്ടെയെന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയൊന്നും നടന്നില്ല. യോഗത്തിനിടെ തന്റെ നിലപാട് വിശദീകരിക്കാന്‍ മുതിര്‍ന്ന ജയരാജനെ മുഖ്യമന്ത്രി തടയുകയായിരുന്നു. അതേസമയം ജയരാജന്‍ രാജിവെച്ചാല്‍ പകരം മന്ത്രി ഉടന്‍ ഉണ്ടാകാനിടയില്ല. വ്യവസായ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മന്ത്രി ബാലന് ചുമതല നല്‍കുകയോ ചെയ്യാമെന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.