പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ മാതൃരാജ്യം എന്ന്‍ മോദി
പനജി : ഭീകരവാദത്തിന്റെ മാതൃത്വം പാകിസ്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയിലാണ് പാകിസ്താനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി മോദി രംഗത്ത് എത്തിയത്. ഞങ്ങള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായിട്ടുള്ള ഭീഷണി തീവ്രവാദമാണ്. നിര്‍ഭാഗ്യവശാല്‍ ഈ ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയല്‍ രാജ്യത്തിന്‍േറതാണ്. ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. വന്‍തോതില്‍ വ്യാപിക്കുന്ന ഭീകരവാദം ഏഷ്യക്കും യൂറോപ്പിനും വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യം ഭീകരര്‍ക്ക് അഭയമൊരുക്കുക മാത്രമല്ല ചെയ്യുന്നത്. രാഷ്ട്രീയ ലാഭത്തിനായി നാടുനീളെ തീവ്രവാദത്തെ ന്യായീകരിക്കുന്ന തരത്തില്‍ ഒരു മാനസികാവസ്ഥ ഊട്ടിവളര്‍ത്തുന്നു. ഈ ഭീഷണിക്കെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒറ്റ ശബ്ദത്തില്‍ സംസാരിക്കുക തന്നെ ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്താനെ ലോകതലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു അഭിപ്രായപ്രകടനം. ഭീകരവാദത്തെ പിന്തുണക്കുന്ന സമീപനം തുടരുന്ന പാകിസ്താനെ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ബ്രിക്‌സ് ഉച്ചകോടിയും ഇന്ത്യ അതിനുള്ള വേദിയായി ഉപയോഗിച്ചത്.