ആ വീഡിയോയിലെ സ്കൂള്‍ വിദ്യാര്‍ത്ഥി പറയുന്നു ; ‘ഞാന്‍ ദളിതന്‍, പതിനാറ് വയസ്സ് ; എന്നെ തല്ലിയത് മികച്ച മാര്‍ക്ക് വാങ്ങിയത് കൊണ്ട്
ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഒരു വീഡിയോ ഉണ്ട്. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് റൂമിന് ഉള്ളില്‍ വെച്ച് സഹപാഠികള്‍ ക്രൂരമായി മര്‍ദിക്കുന്ന ഒരു വീഡിയോ. ആ വീഡിയോ കാണാത്തവര്‍ വിരളമാകും. ദേശിയ ചാനലുകളില്‍ വരെ വാര്‍ത്തയായ ആ മര്‍ദന ദൃശ്യം സ്വന്തം കുട്ടികളെ സ്കൂളില്‍ വിടുന്ന പല മാതാപിതാക്കള്‍ക്കും ഞെട്ടലാണ് സമ്മാനിച്ചത്.
ബീഹാറിലെ മുസാഫര്‍പുറിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദളിതനായതിനാല്‍ ക്ലാസ്മുറിയില്‍ തനിക്ക് നേരിട്ട ദുരുവസ്ഥയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി. പരീക്ഷയില്‍ താന്‍ മികച്ച മാര്‍ക്ക് നേടിയതില്‍ രോഷാകുലരായാണ് സഹപാഠികള്‍ തന്നെ മര്‍ദ്ദിച്ചത്. തല്ലിയ സഹപാഠികള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ല. തൊട്ടുപിന്നാലെ സ്വന്തം കുടുംബത്തിന് ഭീഷണിയുണ്ടായി. ഇതേതുടര്‍ന്ന് സ്‌കൂളില്‍ പോകുന്നത് അവസാനിപ്പിക്കേണ്ടി വന്നതായും വിദ്യാര്‍ത്ഥി പറയുന്നു.
” എന്റെ അച്ഛന്‍ ഒരാധ്യാപകനാണ്. അദ്ദേഹം എറ്റവും മികച്ചതെന്ന അര്‍ത്ഥം വരുന്ന ഒരു പേരാണ് എനിക്കിട്ടിരുന്നത്. ഞാന്‍ എല്ലാവരേക്കാള്‍ മികച്ചവന്‍ ആകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. അതിനാല്‍ അദ്ദേഹം എന്നെ മുസാഫര്‍പൂറിലുള്ള മാതൃവീട്ടിലേക്ക് പറഞ്ഞയച്ചു. അവിടെ മികച്ച വിദ്യാഭ്യാസം കിട്ടും എന്നതായിരുന്നു അതിനു കാരണം. അച്ഛന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഞാന്‍ ഉത്സാഹിച്ചു.അതിനു ഫലമുണ്ടായി. മികച്ച മാര്‍ക്ക് നേടി അച്ഛനെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞു. പക്ഷെ ഏറ്റവും വലിയ അഗ്നിപരീക്ഷയുടെ തുടക്കം അവിടെയായിരുന്നു. ഉയര്‍ന്ന മാര്‍ക്ക് നേടുന്ന നന്നായി പഠിക്കുന്ന ഞാന്‍ ദളിതനായതിനാല്‍ ക്ലാസ്മുറിയില്‍ ലഭിച്ചത് അധിക്ഷേപവും മാനഹാനിയും.
നിങ്ങള്‍ക്ക് ഇക്കാര്യം വിശ്വസിക്കാന്‍ കഴിഞ്ഞേക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ ദിവസവും സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികള്‍ എന്നെ എല്ലാ ദിവസവും മര്‍ദ്ദിക്കുകയാണ്. അവരില്‍ ഒരാള്‍ എന്റെ സഹപാഠിയാണ്. മറ്റൊരാള്‍ ജൂനിയറും. ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും അവര്‍ എന്റെ മുഖത്ത് തുപ്പും. ക്ലാസ് ടീച്ചര്‍ക്ക് എന്നെ സഹായിക്കണമെന്നുണ്ട്. എന്നാല്‍ ആ കുട്ടികളുടെ അച്ഛന്‍ ഒരു വലിയ ക്രിമിനല്‍ ആയതിനാല്‍ സ്‌കൂളിന് നടപടി എടുക്കാന്‍ കഴിയില്ലെന്നാണ് ടീച്ചറുടെ പ്രതികരണം. അതിനാല്‍ ഞാന്‍ തന്നെ പരാതി നല്‍കി. അതിനു പിന്നാലെ സ്‌കൂള്‍ വിടേണ്ടി വന്നു.
തല്ലിയ കുട്ടികളുടെ അച്ഛന്‍ എന്റെ കുടുംബത്തെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ഒന്നും പുറത്തുപറഞ്ഞില്ല.വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസ് ആയിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ചത് ഓഗസ്റ്റ് 25നാണെന്നാണ് എന്റെ ഓര്‍മ്മ. എന്നെ തല്ലുന്നത് സന്തോഷം നല്‍കുന്നുണ്ടെന്നായിരുന്നു ഒരാളുടെ പ്രതികരണം. അവന്റെ നിര്‍ദേശാനുസരണം മറ്റൊരു വിദ്യാര്‍ത്ഥിയാണ് വീഡിയോ ചിത്രീകരിച്ചിരുന്നത്.
ക്ലാസ്മുറിയില്‍ എന്നെ തല്ലിയ സഹപാഠിയുടെ സ്ഥാനം അവസാന ബെഞ്ചിലാണ്. ഞാന്‍ ഇരിക്കാറുള്ളത് മുന്‍നിരയിലും. അവന് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടാനായില്ല. ഞാന്‍ നല്ല മാര്‍ക്കും നേടി. അതിലുള്ള രോഷമായിരുന്നു അവന് എന്നോട്. ഞാന്‍ എസ്‌സി ആണെന്ന് കൂടി അറിഞ്ഞതോടെ അവന്റെ ദേഷ്യം ഇരട്ടിച്ചു. ക്ലാസ്മുറിയിലെ ആരും എന്നെ സഹായിക്കാന്‍ എത്തിയില്ല.