സരിതയ്ക്ക് തമിഴ്നാട്ടിലെ സോളാര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗം ; സരിതയുടെ കേസുകള്‍ ഇനി ആളൂര്‍ വാദിക്കും

saritha-n സോളാര്‍ കമ്പനിയുടെ പേരില്‍ കേരളത്തിലെ ജനങ്ങളെയും സര്‍ക്കാരിനെയും പറ്റിച്ച സരിതാ എസ് നായര്‍ക്ക് തമിഴ് നാട്ടില്‍ സോളാര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗം. മധുരയിലെ ന്യൂ ഇറ എന്ന കമ്പനിയുടെ പ്രൊജക്ട് ഹെഡ്ഡായാണ് സരിത ചുമതലയേറ്റിരിക്കുന്നത്. മാര്‍ക്കറ്റിങ് ജോലിയില്‍ നില്‍ക്കുമ്പോഴാണ് കേസില്‍ പെട്ടുപോയത്. പുതിയ ജോലിയില്‍ താന്‍ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നത്. 2 മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിക്കാണ് മേല്‍നോട്ടം. പദ്ധതികള്‍ക്കായി ഏകജാലക സംവിധാനമാണ് തമിഴ്‌നാട്ടിലുള്ളതെന്നും അതിനാല്‍  കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണെന്നും സരിത അഭിപ്രായപ്പെട്ടു.  നേരത്തെ ഒരു തമിഴ് മാസികയില്‍ സരിതയുടെ ജീവിതകഥ അച്ചടിച്ചു വന്നിരുന്നു. അതുകൊണ്ടുതന്നെ തമിഴര്‍ക്കും സരിത ഇപ്പോള്‍ സുപരിചിതയാണ്. അതിനിടെ തന്റെ കേസുകള്‍ വാദിക്കാന്‍ സരിത ആളൂരിനെ സമീപിച്ചതായി വാര്‍ത്തകള്‍ ഉണ്ട്. തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായി ഒരു വ്യക്തി എന്ന നിലയ്ക്കാണ് ആളൂരിനെ സമീപിച്ചതെന്ന് സരിത  മാധ്യമങ്ങളോട് പറഞ്ഞു. സൌമ്യ വധക്കേസില്‍ ഗോവിന്ദചാമിക്ക് തൂക്ക് കയറില്‍ നിന്നും രക്ഷനേടിക്കൊടുത്ത വക്കീലാണ് ആളൂര്‍.ജിഷാ വധക്കേസിലെ പ്രതിക്ക് വേണ്ടിയും കോടതിയില്‍ ഹാജരാവുക ആളൂര്‍ ആയിരിക്കും എന്നും വിവരങ്ങള്‍ ഉണ്ട്.അതിനിടയിലാണ് ഏറെ വിവാദമായ സോളാര്‍ കേസിലും ഇദ്ദേഹം എത്തുന്നത്.