ഹൈമ ചുഴലിക്കാറ്റ് ; ചൈനയില്‍ ജനജീവിതം താറുമാറായി

typhoon-haima ബീജിങ് : ശക്തമായി വീശിയടിക്കുന്ന ഹൈമ ചുഴലിക്കാറ്റില്‍ ചൈനയില്‍ ജനജീവിതം താറുമാറായി. ശക്തമായ കാറ്റിനെ തുടര്‍ന്ന്‍ ഷാങ്വെ, ഷാങ്‌ടോ എന്നിവിടങ്ങളില്‍ നിന്ന് 50,000 ത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളിലെ വൈദ്യുതിബന്ധം താറുമാറായി. വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. വിദ്യാലയങ്ങളും കടകളും അടച്ചു. പൊതുഗതാഗത സൗകര്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍സില്‍ നിന്നാണ് ഹോങ്കോങിലേക്ക് കാറ്റ് കടന്നത്. ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ ഹൈമ ചുഴലിക്കാറ്റ് വന്‍നാശനഷ്ടങ്ങളാണുണ്ടാക്കിയത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫിലിപ്പീന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. 225 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ആയിരക്കണക്കിന് ഏക്കര്‍ കണക്കിന് പാടത്തെ കൃഷികളും നശിച്ചു. ഫിലിപ്പീന്‍സിന്റെ ഉത്തര മേഖലയിലാണ് കാറ്റ് ഏറ്റവും നാശം വിതച്ചത്. 13 പേരാണ് കൊല്ലപ്പെട്ടത്. കൊര്‍ഡില്ലെറ മേഖലയില്‍ മാത്രം എട്ടു പേര്‍ മരിച്ചു.