മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചാല്‍ രമേശ് ചെന്നിത്തലയെ വധിക്കുമെന്ന്

mohammed-nisham
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റി കൊന്നുവെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചാല്‍ വധിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു ഭീഷണി. അധോലോകരാജാവ് രവി പൂജാരിയുടെ പേരിലാണ് ചെന്നിത്തലയ്ക്കു ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

കഴിഞ്ഞ രണ്ടു ദിവസമായി നെറ്റ് കോള്‍ വഴി വിദേശത്തു നിന്ന് ഭീഷണി ലഭിക്കുന്നുവെന്ന് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പറയുന്നു. നിഷാമിനെതിരെ മോശമായി സംസാരിച്ചാല്‍ തന്നെയോ കുടുംബത്തിലൊരാളെയോ വധിക്കുമെന്ന രീതിയിലുള്ളതാണ് ഫോണ്‍ കോള്‍. അവസാനമായി ഞായറാഴ്ച രാത്രി 11.22 ന് ഒരു സന്ദേശം ലഭിച്ചു. ഇതിലും എന്നെയോ എന്റെ കുടുംബത്തില്‍പ്പെട്ടവരെയോ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഡോണ്‍ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും ചെന്നിത്തലയുടെ പരാതിയിലുണ്ട്.