തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യവസായികള്‍ ; അവര്‍ക്കെതിരെ കാപ്പ ചുമത്തണം : മേനകാ ഗാന്ധി
കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നത് ക്രിമിനല്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യവസായികള്‍ ആണെന്നും അവര്‍ക്കെതിരെ കാപ്പ ചുമത്തി കേസെടുക്കണം എന്നും മേനകാ ഗാന്ധി. ഹീറോകള്‍ ആകാന്‍ നോക്കുന്ന ഇവരെ നയിക്കുന്നത് മാനസിക വൈകൃതമാണ്. ഈ വ്യവസായികളാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും മേനക ചോദിച്ചു. തെരുവു നായ്‌ക്കളെ തുടര്‍ച്ചയായി കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡി.ജി.പി തയ്യാറാവണമെന്നും മേനകാ ഗാന്ധി ആവശ്യപ്പെട്ടു. ഗുണ്ടാ നിയമപ്രകാരം സ്ഥിരം കുറ്റവാളികളായി ഇത്തരക്കാരെ നേരിടണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെതിരെ വായ തുറക്കണമെന്നും ഇല്ലെങ്കില്‍ നായകളെ കൊല്ലുന്നത് തുടരുമെന്നും മേനക ഗാന്ധി പറയുന്നു. എല്ലാ ജില്ലകളിലും വന്ധ്യംകരണ കേന്ദ്രങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ തുറക്കണമെന്നും മേനക ആവശ്യപ്പെട്ടു. നായകളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്ന അനാഥശാല ഉടമസ്ഥന്‍ പത്തോളം കുറ്റകൃത്യങ്ങളില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന വ്യക്തിയാണെന്നും അതുപോലെ ഹീറോകളാവാന്‍ ശ്രമിക്കുന്ന ചില ബിസിനസുകാരും ഇതിനൊപ്പമുണ്ടെന്നും മനേകാ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ മുറിവേല്‌ക്കുമ്പോള്‍ സ്വയം ഹീറോകളാകാമെന്ന് ഇവര്‍ കരുതുന്നു. ഇത് ഒരു മാനസിക വൈകൃതമാണ്. ആര്‍ക്കും മുറിവേല്‍ക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മനേക പറഞ്ഞു. വന്ധ്യംകരണത്തിനുള്ള കേന്ദ്രങ്ങള്‍ ഉടനെ തുറക്കണം. ഈ നവംബര്‍ ഒന്നിന് ഇത് തുടങ്ങിയാല്‍ അടുത്ത നവംബര്‍ ഒന്നിന് പ്രശ്നം തീരും. കരുണ കാണിക്കുന്നതില്‍ ഒരു കുറ്റവുമില്ല. മൃഗങ്ങളോട് കരുണ കാട്ടുന്നയാള്‍ കുട്ടികളോടും സ്‌ത്രീകളോടും ദുര്‍ബലരോടും വിധവകളോടും കരുണ കാട്ടും.