അതിര്‍ത്തിയില്‍ ആക്രമണം നിര്‍ത്താതെ പാക്കിസ്ഥാന്‍ ; ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം

 ndiantroops_6ശ്രീനഗര്‍ :   അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. കശ്മീരിലെ വിവിധ മേഖലകളിൽ പാക് സൈന്യം  വെടിവെപ്പും ഷെല്ലാക്രമണവും ഇന്നും തുടരുകയാണ്. പുലൻവാല, സുന്ദർബനി, നൗഷേര സെക്ടറിൽ വെള്ളിയാഴ്ച പുലർച്ചെ ഷെല്ലാക്രമണമുണ്ടായി.പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.   മെന്ദാർ, കെ.ജി സെക്ടറുകളിലെ വെടിവെപ്പ് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ അവസാനിപ്പിച്ചിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് പാക് സേന പിന്മാറിയത്. എന്നാൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ അതിർത്തിയിൽ പല സൈനിക പോസ്റ്റുകൾക്ക് നേരെയായി ഷെല്ലാക്രമണവും വെടിവെപ്പും വീണ്ടും തുടരുകയായിരുന്നു. ഇതിനിടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ജയ്‌ഷെ മൊഹമ്മദ് തീവ്രവാദികളെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു.  പാക്  കമാന്‍ഡോകളുടെ പിന്തുണയോടെയായിരുന്നു നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ശ്രമം നടത്തിയത്‌.  കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ പൻസാർ മേഖലയിൽ പെൺകുട്ടി ഉൾപ്പെടെ രണ്ടുപേർക്കും മൻയാരിയിൽ ഒരാൾക്കും പരിക്കേറ്റിരുന്നു. തിരിച്ചടി ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ബി.എസ്.എഫിന് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച പുലർച്ചെ 24 ബി എസ് എഫ് പോസ്റ്റുകൾക്കെതിരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. കശ്മീർ അതിർത്തി മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും 190 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 15 സൈനികതാവളങ്ങള്‍ക്കും 29 ഗ്രാമങ്ങള്‍ക്കും നേരേയാണ് ആക്രമണമുണ്ടായത്.