മുത്തലാഖിനെ അനുകൂലിച്ചും മുസ്ലിം സ്ത്രീ സംഘടനകള്‍ രംഗത്ത്

muslim-womenfരാജ്യം മുഴുവന്‍ ചര്‍ച്ചകള്‍ അരങ്ങേറുന്ന ഒരു വിഷയമാണ്‌ മുസ്ലീം സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്നു എന്നത്. ഈ സമ്പ്രദായം നിര്‍ത്തലാക്കണം എന്നാണു മുസ്ലീം സമുദായത്തില്‍ നിന്ന് തന്നെ ഉയര്‍ന്നുവരുന്ന ആവശ്യം. എന്നാല്‍ മുത്തലാഖില്‍ സ്‌ത്രീകളോട് വിവേചനമില്ല എന്നുകാട്ടി മുത്തലാഖിനെ അനുകൂലിച്ചുകൊണ്ട് മുസ്ലിം സ്‌ത്രീകളുടെ സംയുക്ത സംഘടനാ നേതാക്കള്‍ രംഗത്ത് വന്നു. ശരീഅത്ത് നിയമത്തില്‍ സ്‌ത്രീകള്‍ സുരക്ഷിതാരാണെന്നും മുസ്ലിംകളുടെ അഭിപ്രായം തേടാതെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്നും വനിത സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ശരീഅത്ത് നിയമത്തില്‍ സ്‌ത്രീ-പുരുഷ വിവേചനമില്ല. അസംതൃപ്ത വൈവാഹിക ജീവിതത്തേക്കാള്‍ ഉചിതമാണ് മുത്തലാഖ്. മുത്തലാഖ് നടത്തിയ സ്‌ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് വിലക്കില്ല. സ്‌ത്രീ-സമത്വത്തെകുറിച്ച് വാചലരാകുന്നവര്‍ നിയമ നിര്‍മ്മാണസഭകളിലും ജുഡീഷ്യറിയിലും സൈന്യത്തിലും സ്‌ത്രീ പ്രതിനിധ്യത്തിന്റെ കണക്ക് പരിശോധിക്കണം. മുത്തലാഖിനെതിരേയും ഏകസിവില്‍ നിയമത്തിന് വേണ്ടിയും വാദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്‌ക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ഏക സിവില്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമ കമ്മീഷന്‍ ചോദ്യാവലി പുറത്തിറക്കിയതിന്റെയും മുത്തലാഖ് സ്‌ത്രീവിരുദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായത്തിനും പിന്നാലെയാണ് മുസ്ലിം വനിതകള്‍ നിലപാട് വ്യക്തമാക്കിയത്.