ആറന്മുളയില്‍ ഒരു കാരണം കൊണ്ടും വിമാനത്താവളം അനുവദിക്കില്ല എന്ന് പിണറായി

aranmula_adrtആറന്മുള : ഒരു കാരണവശാലും ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കുന്ന സാഹചര്യം ഇല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ഉടൻ ആരംഭിക്കും. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനഃസ്ഥാപിക്കും. നെൽക്കൃഷിക്കായി 1.53 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത് ഘട്ടങ്ങളായി സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിത്തുവിതറിയാണ് മുഖ്യമന്ത്രി കൃഷിയിറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ആറന്മുള എം.എൽ.എ വീണാ ജോര്‍ജ്, റാന്നി എം.എല്‍.എ രാജു എബ്രഹാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ 40 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുക.കോടതിയില്‍ വിമാനക്കമ്പനി കെ.ജി.എസിന്‍റെ വാദം നടക്കുന്നുണ്ട്. അതിനര്‍ഥം സര്‍ക്കാര്‍ നിലപാട് മാറിയെന്നല്ലെന്നും പിണറായി വ്യക്തമാക്കി.അതേസമയം, മുഖ്യമന്ത്രിയുടെ കൃഷിയിറക്കല്‍ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിനുള്ളിലെ കെ.ജി.എസ് ഗ്രൂപ്പിന്‍െറ കൈവശമല്ലാതെയുള്ള സ്വകാര്യ വസ്തുക്കളില്‍ കൃഷിയിറക്കാതെ ഒന്നര കിലോമീറ്റര്‍ മാറിയുള്ള എന്‍ജിനീയറിങ് കോളജിന്‍െറ സ്ഥലത്ത് കൃഷിയിറക്കല്‍ നടത്തുന്നതിന്‍െറ പിന്നിൽ നിഗൂഢതയുണ്ടെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ബാബു ജോര്‍ജ് മുഖ്യമന്ത്രിയുടെ കൃഷിയിറക്കല്‍ ചടങ്ങ് രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ചു.