ഭോപാൽ ഏറ്റുമുട്ടൽ: പൊലീസ്‌ വിശദീകരണത്തില്‍ രാജ്യത്ത് അതൃപ്തി

bhopal-shootout
ന്യൂഡല്‍ഹി: ഭോപാലില്‍ ജയില്‍ ചാടിയ വിചാരണ തടവുകാരായ എട്ടു സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് സര്‍ക്കാര്‍ വിശദീകരണത്തില്‍ ദുരൂഹതക്കുപുറമേ പൊരുത്തക്കേടുകളും. പ്രധാന പൊരുത്തക്കേടുകള്‍ ഇവയാണ്: കൊല്ലപ്പെട്ട ഒരാളുടെ വയറിന്‍െറ ഭാഗത്തുനിന്ന് കത്തി പോലെ മൂര്‍ച്ച വരുത്തിയ പാത്രക്കഷണം ഒരു പൊലീസുകാരന്‍ വലിച്ചൂരുന്നതായും വിഡിയോവില്‍ കാണിക്കുന്നു. ആയുധപ്രയോഗം അറിയുന്നവര്‍ വയറിന്‍െറ ഒത്ത നടുവിലായി ബെല്‍റ്റില്‍ കത്തി തിരുകില്ല. എട്ടംഗ സംഘം പൊലീസിനെ വെടിവെച്ചെന്ന് പറയുമ്പോള്‍തന്നെ, കണ്ടെടുത്തതായി പറയുന്ന മൂന്നു നാടന്‍ തോക്കുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തടവുകാര്‍ എങ്ങനെ സംഘടിപ്പിച്ചെന്ന ചോദ്യവും ബാക്കി.

മധ്യപ്രദേശിലെ ഏറ്റവും സുരക്ഷിതമായ, ശക്തമായ കാവലുള്ള സെന്‍ട്രല്‍ ജയിലാണ് ഭോപാലിലേത്. എട്ടു തടവുകാരുടെ ജയില്‍ ചാട്ടത്തിനിടയില്‍ അവര്‍ക്ക് രണ്ടു പൊലീസുകാരെ മാത്രമാണ് നേരിടേണ്ടിവന്നത്. സ്റ്റീല്‍ പാത്രം മുറിച്ചും സ്പൂണ്‍ മൂര്‍ച്ച വരുത്തിയും ഉണ്ടാക്കിയ ആയുധങ്ങള്‍ കൊണ്ട് ഒരാളെ കൊന്നു. മറ്റൊരാളെ പരിക്കേല്‍പിച്ചു. ബഡ്ഷീറ്റ് കൂട്ടിക്കെട്ടി കയറാക്കി ജയില്‍ ഭിത്തിക്ക് മുകളില്‍ വലിഞ്ഞുകയറി, ചാടി രക്ഷപ്പെട്ടു. ‘ഭീകരര്‍’ക്ക് പ്രത്യേക കാവലുണ്ടായിട്ടും, ഇത്രയും നടന്നത് ജയിലിലെ മറ്റ് കാവല്‍ക്കാര്‍ അറിഞ്ഞില്ല.

തടവുചാടാന്‍ ശ്രമിച്ചവരെ ജയിലിനുള്ളില്‍തന്നെ കീഴ്പ്പെടുത്തുകയും പിന്നീട് വിജനമായ പ്രദേശത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയും ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ഇതിനിടയില്‍ പുറത്തുവരുന്നുണ്ട്. പൊലീസാകട്ടെ, തടവുകാരെ പിടികൂടിയ കഥയോ ജയിലിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളെക്കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരോട് സംഭവങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കിയതുമില്ല.