മുസ്ലീം യുവാക്കള്‍ക്ക് എതിരെ ലവ് ജിഹാദും ; ഐ എസ് ബന്ധവും പരാതിക്ക് സ്ഥിരം കാരണമാക്കിയ അഭിഭാഷകന് അവസാനം ഹൈകോടതി വക തടവുശിക്ഷ

high-courtfgകൊച്ചി : മുസ്ലീം സമുദായത്തില്‍പ്പെട്ട യുവാക്കള്‍ക്ക് എതിരെ ലവ് ജിഹാദും ; ഐ എസ് ബന്ധവും ആരോപിച്ച് പതിവായി പരാതികള്‍ നല്‍കിയ അഭിഭാഷകന് അവസാനം ഹൈക്കോടതി തടവുശിക്ഷ വിധിച്ചു. ഹേബിയസ് കോര്‍പസ് ഹരജികളില്‍ എതിര്‍കക്ഷികള്‍ക്ക് മേല്‍ സ്ഥിരമായി ഐ.എസ് ബന്ധം ആരോപിച്ച് ഹരജി ഫയല്‍ ചെയ്യുന്നഹൈക്കോടതി അഭിഭാഷകനായ സി കെ മോഹനനെയാണ് മൂന്നുമാസം തടവിനും 1000 രൂപ പിഴയടയ്ക്കുവാനും കോടതി വിധിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.
മുസ്ലീം സമുദായത്തില്‍പ്പെട്ട പുരുഷന്‍മാര്‍ എതിര്‍കക്ഷികളാകുന്ന ഹേബിയസ് കോര്‍പസ് കേസുകളില്‍ കാണാതായ യുവതികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരാകുന്ന ഹൈകോടതി അഭിഭാഷകനാണ് സി. കെ മോഹന്‍. ഐ.എസ് ബന്ധമുള്ള യുവാവ് പെണ്‍കുട്ടിയെ സംഘടനയില്‍ ചേര്‍ക്കാനും തീവ്രവാദിയാക്കാനും തട്ടിയെടുത്ത് സിറിയയിലേക്കും മറ്റും കടത്തിയെന്നാണ് എല്ലാ ഹരജികളിലും ഈ അഭിഭാഷകന്‍ ആരോപിക്കാറുള്ളത്. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നാളുകള്‍ക്ക് മുമ്പ് കോടതിയുടെ നിര്‍ദേശ പ്രകാരം പൊലീസ് അന്വേഷണം നടത്തുകയും ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, വീണ്ടും സമാന ഹരജികളില്‍ ഇതേ വാചകങ്ങള്‍ തന്നെ ആവര്‍ത്തിച്ച് ആരോപിച്ചാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്.
സ്ഥിരമായി എല്ലാ ഹരജികളിലും ഒരേ ആരോപണം തന്നെ ഉന്നയിക്കുന്ന അഭിഭാഷകനോട് മറ്റൊരു ഹരജിയില്‍ ഹാജരാകവെ ഇതേക്കുറിച്ച് കോടതി ആരാഞ്ഞു. ഇത് ശരിയായ നടപടിയല്ലെന്ന താക്കീതും നല്‍കി. എന്നാല്‍, ഇതിന്റെ പേരില്‍ അഭിഭാഷകന്‍ ജഡ്ജിമാരോട് കയര്‍ത്തു സംസാരിച്ചു. കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ള ഈ നടപടിയുടെ പേരിലാണ് അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഡിവിഷന്‍ബെഞ്ച് മുതിര്‍ന്നത്.
ഈ മാസം 24ന് കോടതിയില്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച് നടപടികള്‍ക്ക് ഡിവിഷന്‍ബെഞ്ച് തുടക്കം കുറിച്ചിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യാഴാഴ്ച നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ അഭിഭാഷകന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഹാജരാകണമെന്ന് അറിയിച്ചു കൊണ്ടുള്ള നോട്ടീസ് അഭിഭാഷകന്റെ ഓഫീസിലത്തെിച്ചെങ്കിലും അടഞ്ഞു കിടന്നതിനാല്‍ ജീവനക്കാരന് നേരിട്ട് നല്‍കാനായില്ല.
വ്യാഴാഴ്ച അഭിഭാഷകന്‍ പരാതിക്കാരന് വേണ്ടി ഹാജരാകുന്ന കേസിന് പിന്നാലെ അഞ്ചാമത്തെ ഇനമായി കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട കേസും ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍, രണ്ട് കേസിലും അഭിഭാഷകന്‍ ഹാജരായില്ല. വക്കാലത്തെടുത്ത കേസില്‍ മോഹനന് പകരം മറ്റൊരാള്‍ ഹാജരായി. എന്നാല്‍, കോടതിയലക്ഷ്യ ഹരജിയില്‍ ഹാജരാകാന്‍ തനിക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് പകരക്കാരനായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തൃശൂരില്‍ നിന്നുള്ള യാത്രാ മധ്യേയാണെന്നും ഉടന്‍ എത്തുമെന്നും ഈ അഭിഭാഷകന്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഹരജികള്‍ പരിഗണിച്ച സമയത്ത് അഭിഭാഷകന്‍ എത്തിയില്ല. നേരിട്ട് നോട്ടീസ് ലഭിച്ചില്ലെങ്കിലും വ്യാഴാഴ്ച ഹാജരാകണമെന്ന് പറഞ്ഞത് അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നെന്ന് ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് അഭിഭാഷകന്‍ അജ്ഞനാണെന്ന് പറായാനാവില്ല. രാവിലെ 10.15ന് കോടതികളില്‍ സിറ്റിംഗ് ആരംഭിക്കുമെന്ന് അഭിഭാഷകന് അറിയാവുന്നതുമാണ്. അതിനാല്‍ അഭിഭാഷകന്‍ മനപ്പൂര്‍വം ഹാജരാകാതിരുന്നതാണെന്നും ഡിവിഷന്‍ബെഞ്ച് വിലയിരുത്തി. അതേസമയം, ഹൈകോടതിയിലെ തന്നെ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ കടുത്ത നടപടിയിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി സി. കെ മോഹനന്‍ വെള്ളിയാഴ്ച ഹാജരാകാനുള്ള നിര്‍ദേശത്തോടെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിച്ച കോടതി പിന്നീട് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.