പൂനൈ സ്ഫോടനകേസ് അവസാനിപ്പിക്കുന്നു ; കാരണം ഭോപ്പാല്‍ ഏറ്റുമുട്ടല്‍; സംഭവത്തില്‍ വീണ്ടും ദുരൂഹത

 encounter-ptiഭോപ്പാല്‍ : ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ പോലീസ് വെടിവെച്ച് കൊന്നതോടെ പുണെ സ്ഫോടനക്കേസ് അന്വേഷണം അവസാനിപ്പിച്ചു. ഭോപ്പാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട എട്ട് സിമിപ്രവർത്തകരിൽ മൂന്ന് പേർ 2014ലെ പുണെ സ്ഫോടനക്കേസിലെ പ്രതികൾ കൂടിയായിരുന്നു. അഹമ്മദ് റംസാൻ ഖാൻ, സക്കീർ ഹുസൈൻ എന്ന സാദിഖ്, ശൈഖ് മെഹ്ബൂബ് എന്നിവരാണ് പുണെ സ്ഫോടനക്കേസ് പ്രതികൾ. 2014 ജൂലൈ 10ന് പുണെയിലെ ഫരഷ്കാന പൊലീസ് സ്റ്റേഷനിനടുത്ത പാർക്കിൽ നടന്ന തീവ്രത കുറഞ്ഞ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.ഇതേ കേസിലെ മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ഐസാസുദ്ദീൻ, മുഹമ്മദ് അസ്ലം എന്നിവർ കഴിഞ്ഞ വർഷം തെലങ്കാനയിൽ വെച്ച് നടന്ന പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ബാക്കി പ്രതികള്‍ കൂടി കൊല്ലപ്പെട്ടതോടെ ആ കേസ് തന്നെ അവസാനിപ്പിക്കുവാന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് തീരുമാനിക്കുകയായിരുന്നു. പുണെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സിമി പ്രവർത്തകരെ വിട്ടുകിട്ടാൻ മൂന്നു പ്രാവശ്യം ശ്രമിച്ചിരുന്നതായും എന്നാൽ മധ്യപ്രദേശിൽ നിരവധി കേസുകളിൽ പ്രതികളായതിനാൽ സാധ്യമായില്ലെന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഓഫീസർ വ്യക്തമാക്കി. ഈ മൂന്നു പേര കസ്റ്റഡിയിൽ ലഭിച്ചിരുന്നെങ്കിൽ കേസുമായി സംശയിക്കപ്പെടുന്ന ഉന്നതബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാ പ്രതികളും മരിച്ചതിനാൽ കേസ് അവസാനിപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഈ മൂന്നുപേര്‍ക്ക് വേണ്ടി ആസൂത്രണം ചെയ്തതാണോ ഭോപ്പാല്‍ വെടിവെപ്പ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം വെടിവെപ്പ് നടന്നു ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ സംഭവം ആസൂത്രണമായിരുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നത്. പല പ്രമുഖരും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നുകഴിഞ്ഞു. പൂനൈ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍ തന്നെയാകാം കേസില്‍ പിടിക്കപ്പെട്ട എല്ലാവരെയും പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കിയത് എന്ന സംശയം ഇതോടെ ശക്തമാവുകയാണ്.