സമരത്തിനിടെ ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് തടഞ്ഞു
ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിനെ കാണുവാന്‍ ആശുപത്രിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞു. ഒരേ റാങ്കിന് ഒരേ പെന്ഷന് ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവന്ന ഹരിയാന സ്വദേശിയായ രാം കിഷന് ഗ്രെവാളാണ് ഇന്നലെ രാത്രി മരിച്ചത്. ഇയാളുടെ കുടുംബാഗങ്ങളെ കാണാന്‍ ഡല്‍ഹിയിലെ റാം മനോഹര്‍ ആസ്പത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയെ അകത്തേയ്ക്ക് പ്രവേശിപ്പിക്കാതെ പോലീസ് ആസ്പത്രിയുടെ ഗെയിറ്റ് അടയ്ക്കുകയായിരുന്നു. കുറച്ച് സമയം പോലീസുദ്യോഗസ്ഥരുമായി അദ്ദേഹം വാക് തര്‍ക്കത്തിലേര്‍പ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് രാഹുല്‍ തിരിച്ചു പോയി. ഇത് ജനാധിപത്യ വിരുദ്ധ മാനസികാവസ്ഥയാണെന്ന് രാഹുല്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പുതിയ ഇന്ത്യയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നതെന്നും മോദിയുടെ ഇന്ത്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വിമുക്ത ഭടന്മാരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കടുത്ത ചുവട് ആവശ്യമായി വന്നിരിക്കുകയാണെന്നും ഗ്രെവാളിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.