ബലാല്‍സംഗ ഇരകളുടെ മുഖം കാണുവാന്‍ നാം കൊതിക്കുന്നത് എന്തിന്

wfecഹസ്നാ ഷാഹിത ജിപ്പ്സി

ഇന്നലെ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയ സ്ത്രീയുടെയും പുരുഷന്‍റെയും മുഖം കാണണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സൂര്യനെല്ലിയിലെയോ മറ്റൊരുപാട് സ്ഥലപ്പേരുകളിലെയോ പെണ്ണുങ്ങളുടെ പേരറിയാനും മുഖം കാണാനും ആഗ്രഹമുണ്ട്…
എന്നിട്ടോ,
ആദ്യം സുന്ദരി ആണോ എന്ന് വിലയിരുത്തണം. പീഡിപ്പിക്കാന്‍ കൊള്ളാവുന്നവളാണോ എന്ന്!.
കൂടെ ഉള്ളവരോട് ഒരുപാടൊന്നും ഒച്ചയൊതുക്കാതെ ‘ഇതിനെയാടാ അന്ന്/അവിടെ/അയാള്‍ പീഡിപ്പിച്ചത് എന്ന് കണ്ണും വിരലും കൂട്ടി ചൂണ്ടി പൊതുവിജ്ഞാനം പ്രദര്‍ശിപ്പിക്കണം..
‘അയ്യോ, പാവം കണ്ടാ അങ്ങനെയൊക്കെ ഉണ്ടായെന്ന് പറയത്തില്ലാല്ലേ.. ‘(സിംപതി.)
‘അവള്‍ടെ ഭാവം നോക്കിയേ, ഒന്നും സംഭവിക്കാത്തത് പോലെയുണ്ട്, ഞാനൊക്കെയാകണം ചത്ത് കളഞ്ഞേനേ..'(ആത്മഗതം )
‘ഹൊ,ഇതൊക്കെ സംഭവിച്ചാ അങ്ങനെ തന്നെ ചത്തു പോകണം. അല്ലൊതെ വീട്ടുകാര്‍ക്കും നാണക്കേട്. അതിന്‍റേം മാനോം പോയി. മരിച്ചെങ്കി കുടുംബക്കാര്‍ക്ക് സര്‍ക്കാരോ വല്ല സിനിമാക്കാരോ നാല് കാശെങ്കിലും കൊടുത്തേനെ.’. (ലാഭക്കണക്കുകള്‍..)
‘ അവള്‍ക്കൊരു കൂസലുമില്ലല്ലോ ചെലപ്പം പീഡനം ഒന്നും ആയിരിക്കത്തില്ല, സമ്മതത്തോടെ ചെയ്തിട്ട് ആണുങ്ങളെ കുടുക്കാന്‍ കാശു വാങ്ങിയതാകും.’. ( കണ്ടു പിടുത്തം)
‘പീഡനമായാലെന്താ സുഖമൊക്കെ കണക്കല്ലേ..’ (ശുഭാപ്തി വിശ്വാസം)
‘അല്ലെങ്കിലും എന്തെങ്കിലും തീയുണ്ടാകാണ്ട് ഈ കണ്ട പുകയൊന്നും വരില്ല. നല്ലോണം നടക്കുന്ന പെണ്ണുങ്ങള്‍ക്ക് ഇത് വല്ലതും ഉണ്ടോ. നമ്മുടെ വീട്ടിലുമുണ്ടല്ലോ അടക്കോം ഒതുക്കോം ഉള്ള പെണ്ണുങ്ങള്‍. അവരെ ആരെങ്കിലും പീഡിപ്പിക്കുന്നുണ്ടോ.’ (ആശ്വാസം)
പറ്റിയാല്‍ ഒരു ഫോട്ടോ എടുത്ത് വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇട്ടും കൊടുക്കാം. (ആഘോഷം )
ഓരോ ബലാല്‍സംഗം ഇരയുടെയും വിവരങ്ങള്‍ വെളിപ്പെട്ട് കിട്ടാന്‍ ഇവിടത്തെ ഭൂരിഭാഗവും ആഗ്രഹിക്കുകയും കൗതുകപ്പെടുകയും ചെയ്യുന്നത് ഇത്തരം ഒരു ഓര്‍ഗാസത്തിനാണ്. തങ്ങള്‍ക്കുള്ളിലെ റേപ്പിസറ്റിന്‍റെ സാധ്യതകളെയും, റേപ്പ് എന്ന പുരുഷ ആയുധത്തിന്‍റെ മൂര്‍ച്ചയെയും അളന്ന് തൃപ്തിപ്പെടാന്‍.
ബലാല്‍സംഗം ചെയ്യപ്പെട്ട വ്യക്തി സിംപതി, പുച്ഛം, അവഗണന, കുറ്റപ്പെടുത്തല്‍ ഇവയേതെങ്കിലും കൊണ്ട് സമൂഹത്തിന്‍റെ ഓരത്ത് മുഴച്ച് നില്‍ക്കപ്പെടുമ്പോള്‍, റേപ്പിസ്റ്റ് പേരും മുഖവും ഓര്‍മയില്‍ തങ്ങാത്ത ‘പ്രതി’ മാത്രമാണ്. ഇതിനൊരു മാറ്റവുമില്ലാത്തിടത്ത് പീഡിപ്പിക്കപ്പെട്ട വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കപ്പെടുക തന്നെ വേണം.
ഇര വസ്ത്രം കൊണ്ടോ പ്രവൃത്തി കൊണ്ടോ പുരുഷനെ വശീകരിച്ച് പീഡനം ഏറ്റു വാങ്ങിയവളല്ലെന്ന്,
ബലാല്‍സംഗത്തിന്‍റെ ഒരു ഘട്ടത്തിലും പെണ്ണ് സുഖിക്കുന്നില്ലെന്ന്,
കൃത്യമായും പുരുഷന്‍റെ അധികാര, അധീശത്വവാഞ്ജകളുടെ ഉല്‍പന്നമാണ് ബലാല്‍സംഗമെന്ന് ബോധ്യപ്പെടാത്ത ,
ബലാല്‍സംഗത്തെ അതിജീവിച്ച സ്ത്രീക്ക് ശരീരം സ്വാഭിമാനം എന്നിവക്ക് മേലുള്ള ഭീഷണികള്‍ നിലനില്‍ക്കുന്ന,
പൊതുജീവിതത്തിലേക്ക് ലീനമാകാന്‍ അവളെയും കുടുംബത്തെയും അനുവദിക്കാത്ത ഒരു സമൂഹത്തില്‍ അതിന്‍റെ വോയറിസത്തെ തൃപ്തിപ്പെടുത്താന്‍ ഒരു സര്‍വൈവറും അവരുടെ മുഖവും പേരും സമൂഹത്തിനു മുന്നില്‍ അനാവൃതമാക്കേണ്ടതില്ല. റേപ്പിസ്റ്റിനോടൊപ്പം നിങ്ങളോരോരുത്തരെയും ഭയപ്പെട്ടാണ് അവരുടെ മുഖം മറക്കപ്പെട്ടിരിക്കുന്നത്.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീടിനു മുമ്പില്‍ വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കാനുള്ള തിരക്കിനെ ഓര്‍മിക്കുന്നു. കയറിപ്പിടിച്ചെന്ന് പരാതിപ്പെട്ട പെണ്ണിനെ പറ്റി കക്കാനാണേല്‍ നല്ല വീട്ടില്‍ കയറിയാ പോരേ, കക്കൂസില്‍ കയറണോ എന്ന് പുച്ഛിച്ച ഒരുത്തനെ ഓര്‍ക്കുന്നു. രാത്രിയില്‍ യാത്ര ചെയ്തെന്ന കുറ്റം ചാര്‍ത്തപ്പെട്ട് ഇരുമ്പ്ദണ്ഠ് ആഴ്ന്ന യോനിയെ ഓര്‍മിക്കുന്നു. നിനക്ക് ഓടി രക്ഷപ്പെട്ടൂടെ എന്ന് ചോദിച്ച ജഡ്ജിയെ, ആരുടെ ലിംഗത്തിനാണ് നീളം കൂടുതലെന്ന് ചോദിച്ച പോലീസേമാനെ ഓര്‍ക്കുന്നു..
ഈ സാഡിസ്റ്റ് ജനക്കൂട്ടത്തിന് മുന്നില്‍ അനാവൃതരായി, അവരെ ആനന്ദിപ്പിച്ച് ഹിംസയുടെ ആവര്‍ത്തനങ്ങള്‍ ഏറ്റുവാങ്ങേണ്ടതില്ലെന്ന് ആവര്‍ത്തിക്കുന്നു..