പാക് വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു
പൂഞ്ച് : പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സേനയുടെ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖട്ടിയിലാണ് പാക് സൈന്യം ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. പുലർച്ചെ രണ്ടിനാണ് വെടിവെപ്പ് തുടങ്ങിയത്. പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിലേക്ക് വെടിവെപ്പും മോട്ടാർ ഷെൽ ആക്രമണവുമാണ് നടത്തിയത്. നാലിടങ്ങളിലായി സിവിലിയൻമാരെയും അതിർത്തിരക്ഷാ സേനയെയും ലക്ഷ്യമിട്ടാണ് പാക് ആക്രമണം നടന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാക് വെടിവെപ്പിൽ എട്ട് സൈനികരും എട്ടു സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു. രണ്ടു ദിവസത്തെ താല്‍ക്കാലിക ശാന്തതയ്ക്കു ശേഷം ഞായറാഴ്ച രാവിലെയോടെ കൃഷ്ണ ഘാട്ടി മേഖലയിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ ക്യാമ്പിനു നേരെ പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. ഇപ്പോഴും മേഖലയില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ് എന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.