പണം മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്ക്
പഴയ 500,1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുവാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ തിരക്ക്. എസ്.ബി.ടി, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകൾ മാറുന്നതിനു പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ മിക്ക ബാങ്കുകളിലും പുതിയ നോട്ടുകൾ എത്തിയിട്ടില്ല. 50, 100 രൂപ നോട്ടുകളാണ് ഇപ്പോൾ ബാങ്കുകകളിൽ നൽകുന്നത്. അതുപോലെ പോസ്റ്റ് ഓഫീസുകള്‍ വഴി നോട്ടുകള്‍ മാറ്റി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും പല പോസ്റ്റ് ഓഫീസുകളിലും പണം എത്തിയിട്ടില്ല. രാവിലെ അഞ്ചുമണി മുതല്‍ തന്നെ മിക്ക ബാങ്കുകളുടെ മുന്‍പിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഒരു ദിവസം ഒരാള്‍ക്ക് പരമാവധി 4000 രൂപയാണ് മാറ്റി നല്‍കുന്നത്. പലയിടത്തും പുതിയ 2000 രൂപയുടെ നോട്ടുകള്‍ ഇതുവരെ ബാങ്കുകളിലെത്തിയില്ല. കോഴിക്കോട് അടക്കം ചില സ്ഥലങ്ങളില്‍ പുതിയ 2000 രൂപാ നോട്ട് നല്‍കുന്നുമുണ്ട്. കൊച്ചിയിലെ ചില ബാങ്കുകളില്‍ പണം എത്താത്തതിനാല്‍ ഇവിടെയെത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയ ശേഷം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പണം വന്ന ശേഷം ഉച്ചകഴിഞ്ഞ് ഇത് നല്‍കാമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ബാങ്കുകളിലെല്ലാം തിരക്ക് കണക്കിലെടുത്ത് അധികം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് എസ്.ബി.ടി അടമുള്ള ബാങ്കുകള്‍ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇന്നും എ.ടി.എം കൗണ്ടറുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നില്ല. നാളെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണം. ആധാര്‍,തെരഞ്ഞെടുപ്പ് ഐഡി, പാന്‍കാര്‍ഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു കാർഡ് എന്നിവയിലൊന്ന് തിരിച്ചറിയൽ കാർഡായി സ്വീകരിക്കും.