കാശില്ല ; ചൊവ്വാഴ്ച മുതല്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടും ; മധ്യപ്രദേശില്‍ ജനങ്ങള്‍ റേഷന്‍കട കൊള്ളയടിച്ചു

harthal-1ggനോട്ടുക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്‍ കടകള്‍ അടച്ചിടുവാന്‍ വ്യാപാരികളുടെ തീരുമാനം. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. 500,1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും 100,50 നോട്ടുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുകയും ചെയ്തതോടെ സംസ്ഥാനത്തെ വാണിജ്യമേഖല സ്തംഭിച്ച നിലയിലാണ്. രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയിലുണ്ടെങ്കിലും ഇവ കൊണ്ട് വ്യാപാരം നടത്തുവാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്.നോട്ടുകളുടെ ദൗര്‍ലഭ്യം കച്ചവടത്തെ ബാധിച്ചു തുടങ്ങിയതിനെ തുടര്‍ന്നാണ് കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികള്‍ നീങ്ങുന്നത്. അതേസമയം പുതിയ അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ വിപണിയില്‍ ഇറങ്ങിയിട്ടുമില്ല. അതേസമയം നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമമുണ്ടായതിനെ തുടർന്ന് മധ്യപ്രദേശിൽ ജനങ്ങൾ റേഷൻകട കൊള്ളയടിച്ചു. നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം പുറത്തു വന്നതോടെ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ പലതും വാങ്ങിക്കുവാൻ സാധിച്ചിരുന്നില്ല. ഇതോടപ്പം രാജ്യത്ത് ഉപ്പിന് വില കൂടുമെന്ന പ്രചാരണവുമാണ് റേഷൻ കട കൊള്ളയടിക്കുന്നതിലേക്ക് ജനങ്ങളെ നയിച്ചതെന്നാണ് സൂചന. അതുപോലെ ഉപ്പിെൻറ വില ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ 700 രുപ വരെ ഉയരുമെന്ന് പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതും റേഷൻ കട കൊള്ളയടിക്കുന്നതിലേക്ക് നയിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.