ഗുണ്ടകളുടെ ഒളിത്താവളമായി സി പി എം പാര്‍ട്ടി ഓഫീസുകള്‍ മാറുന്നുവോ ?
ക്വട്ടേഷന്‍ കേസില്‍ പ്രതിയായ സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ കളമശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ കഴിയുന്നതായി പോലീസ്. സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്നാണ് ഒളിവിലായിരുന്ന സക്കീര്‍ ഹുസൈന്‍ കളമശ്ശേരിയിലെ പാര്‍ട്ടി ഓഫീസിലെത്തിയത്. സക്കീര്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്നു വിവരം ലഭിച്ച പോലീസ് ഏരിയ കമ്മിറ്റി ഓഫിസും പരിസരവും വളഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഒാഫീസിനു പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഉന്നതതല അനുമതി വാങ്ങി പാർട്ടി ഓഫിസിൽ കയറി അറസ്റ്റ് ചെയ്യാനും പൊലീസിന് തീരുമാനം ഉണ്ട്. ഓഫീസിന് മുന്നില്‍ പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. കോടതി ഉത്തരവ് കിട്ടിയതിന് ശേഷം ഭാവി നടപടി തീരുമാനിക്കുമെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. അതേ സമയം സക്കീര്‍ ഹുസൈന്‍ ഇന്ന് തന്നെ കീഴടങ്ങിയേക്കുമെന്നാണ് സൂചന.വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിലാണ് സക്കീര്‍ ഒളിവില്‍ പോയത്. വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണു സക്കീറിന് എതിരായ കേസ്.