പ്രസംഗിക്കാന്‍ അവതാരക ക്ഷണിച്ചില്ല ; പിണറായി വേദിയില്‍ നിന്നും ഇറങ്ങിപോയി

pinarayi-vijaydwan-3കൊച്ചി :  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന വേദിയില്‍ നിന്നും ഇറങ്ങി പോയി. പരിപാടി അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വന്ന വീഴ്ചയിലും ദേഷ്യപ്പെട്ടാണ്  മുഖ്യമന്ത്രി ചടങ്ങ് നിര്‍വഹിക്കാതെ മടങ്ങിയത്. കൊച്ചി സിറ്റി പൊലീസ് സംഘടിപ്പിച്ച പിങ്ക് പെട്രോളിംഗ് ഫ്ളാഗ് ഓഫ് ചെയ്യാനുള്ള വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.  പിങ്ക് പെട്രോളിംഗിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി മാത്രമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പ്രാസംഗികന്‍. എന്നാല്‍ നവംബര്‍ ബുധനാഴ്ചയാണ് ചടങ്ങുകളില്‍ മാറ്റം വന്നത്. പ്രത്യേകിച്ച് ചുമതലയൊന്നുമില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിനിമാ നടി ഷീല അറിയച്ചപ്പോള്‍ അവര്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ ലോഞ്ച് ചെയ്യുന്ന കര്‍ത്തവ്യവും മേയര്‍ സൗമിനി ജെയിന് ഹ്രസ്വചിത്ര പ്രകാശനം നടത്തുന്ന ചുമതലയും നല്‍കി. എഡിജിപി ബി സന്ധ്യയ്ക്കായിരുന്നു പിങ്ക് പോലീസിനെ പരിചയപ്പെടുത്തുന്ന ചുമതല. എന്നാല്‍ മുഖ്യമന്ത്രി വേദിയിലെത്തിയിട്ടും എഡിജിപി വന്നില്ല. കൂടാതെ ചടങ്ങിലെ അവതാരക മുഖ്യമന്ത്രിയെ ക്ഷണിച്ചത് സ്വാഗത പ്രസംഗം നിര്‍വഹിക്കാനും.അവതാരകയുടെ പിഴവ് മനസിലാക്കിയ സിറ്റി പോലീസ് കമ്മീഷണര്‍ മൈക്ക് വാങ്ങി തെറ്റു തിരുത്തിയ ശേഷം  മുഖ്യമന്ത്രിയെ ഉദ്ഘാടന പ്രസംഗത്തിന് ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് എഡിജിപി വേദിയിലെത്തിയത്. ചടങ്ങിനെത്തിയ എഡിജിപി ബി സന്ധ്യ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതിരുന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ഫ്ലാഗ്  ഓഫ് നിര്‍വഹിക്കേണ്ട ചടങ്ങില്‍ പക്ഷേ അവതാരക  എഡിജിപിയെ പ്രസംഗിക്കാനാണ് ക്ഷണിച്ചത്. ഇത് കേട്ട ഉടന്‍ തന്നെ നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി വേദിയില്‍ നിന്നും എഴുന്നേറ്റു. വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാന്‍ പോലീസ് കമ്മീഷണറും മറ്റും ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.