ബംഗാളിലെ സൈനികസാന്നിധ്യം ; മമതാ ബാനര്‍ജി ഇന്നലെ രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റില്‍ തങ്ങി

mamta-banerjeehസര്‍ക്കാരുമായി ആലോചിക്കാതെ കേന്ദ്രം ബംഗാളില്‍ സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റില്‍ തങ്ങി. രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റില്‍ തങ്ങിയ മമത സെക്രട്ടേറിയറ്റിന് അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള ടോള്‍ ബൂത്തിലും സൈന്യം നിലയുറപ്പിച്ചതിനെ ശക്തമായി അപലപിച്ചു. രാജ്യം അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യത്തെ നേരിടുകയാണെന്നും സംസ്ഥാന സർക്കാരിന്രെ അറിവോടെയല്ല സൈനികരെത്തിയതെന്നും മമത ആരോപിച്ചു. കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സെക്രട്ടേറിയറ്റിൽപ്പേോലും സൈന്യത്തെ വിന്യസിച്ചുവെന്ന് മമത ആരോപിച്ചു. ജനങ്ങൾ ആശങ്കാകുലരാമെന്ന് പറ‍ഞ്ഞ മമതാ ബാനർജി കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ‘‘എനിക്കറിയണം, എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ ചെയ്തതെന്ന്. ഇവിടെയെന്താ അടിയന്തരാവസ്ഥയാണോ? സൈനികരെ ഉപയോഗിച്ച് മോക്ഡ്രില്‍ നടത്താന്‍പോലും സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി വേണം. പിന്നെയെങ്ങനെയാണ് സംസ്ഥാനത്തിന്‍െറ അനുമതി തേടാതെ സൈനികരെ വിന്യസിക്കുക? എനിക്ക് സെക്രട്ടേറിയറ്റിലിരുന്നാല്‍ സൈന്യം ടോള്‍ബൂത്തില്‍ കാവല്‍നില്‍ക്കുന്നത് കാണാം. അവരെ അവിടന്ന് മാറ്റിയാലല്ലാതെ ഞാന്‍ ഇവിടെനിന്ന് ഇറങ്ങില്ല’’ -മമത വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാന്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ബസുദേബ് ബാനര്‍ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരിശീലനത്തിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചതെന്നും സംസ്ഥാന പൊലീസിന്‍റെ അറിവോടെയാണിതെന്നുമാണ് സൈന്യത്തിന്രെ ഭാഷ്യം. പാലങ്ങളിലൂടേയും ദേശീയപാതകളിലൂടേയും കടന്നു പോകുന്ന ചരക്കുവാഹനങ്ങളുടെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. അടിയന്തരസാഹചര്യങ്ങളില്‍ ഈ കണക്ക് സൈന്യത്തിനാവശ്യമാണ്.