കോടതികളിലെ ദേശിയഗാനം ; ഹര്‍ജി സുപ്രീംകോടതി തള്ളി

supreme_cന്യൂഡല്‍ഹി :  സിനിമാ തിയറ്ററുകള്‍ക്ക് പിന്നാലെ കോടതികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ  പൊതുതാത്പര്യ ഹരജി സുപ്രീംകോടതി തള്ളി.  നടപടിക്രമങ്ങള്‍ പാലിച്ചല്ല ഹരജി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്.  നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകനായ ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. ദേശീയ ഗാനത്തെ സംബന്ധിച്ച വിധി തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാൻ പാടില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.കോടതി നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ദിവസവും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.  തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയ സാഹചരയത്തിൽ  കോടതിയിലും ഇത് വേണമെന്ന ഹര്‍ജിയുമായാണ് അഭിഭാഷകന്‍ എത്തിയത്.