ജയലളിതയ്ക്ക് വേണ്ടി രാപ്പകല്‍ പ്രാര്‍ത്ഥനയുമായി ലക്ഷങ്ങള്‍ ; ശബരിമലയിലും ജാഗ്രത

cwaibecukaa-kmpസന്നിധാനം :  അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയ്ക്ക് വേണ്ടി നേര്‍ച്ചകളും പ്രാര്‍ത്ഥനയുമായി ലക്ഷകണക്കിന് തമിഴ് മക്കള്‍. രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡി.എം.കെ പ്രവർത്തകർ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകുകയാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. 2000ത്തോളം പൊലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെങ്ങും സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകി. കൂടാതെ 9 കമ്പനി ദ്രുത കർമസേനയെ കേന്ദ്രസർക്കാർ ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പല സ്‌കൂളുകളില്‍ ജയലളിതക്കായി പ്രത്യേക പ്രാര്‍ഥനകൾ നടന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ഇന്ന് ചെന്നൈയില്‍ എത്തും. അതേസമയം ജയലളിതയുടെ രോഗവിവരത്തിനെ തുടര്‍ന്ന്‍  കനത്ത സുരക്ഷ സംവിധാനങ്ങളാണ് ശബരിമലയിലും  ഏര്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് എന്തെങ്കിലും  സംഭവിച്ചാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തര്‍ എങ്ങനെയാകും പ്രതികരിക്കുക എന്ന ആശങ്കയിലാണ് ഇത്. സന്നിധാനത്തെ ആഴി വന്‍ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പതിനെട്ടാം പടിയ്ക്ക് താഴെയുള്ള എരിയുന്ന അഗ്നികണ്ഡമാണ് മഹാ ആഴി. അയ്യപ്പ ദര്‍ശനത്തിന് ശേഷം മടങ്ങുന്ന ഭക്തര്‍ ആഴിയിലേക്ക് നാളികേരം എറിയും. ഈ ആഴിയും ഇപ്പോള്‍ ഭീഷണി ആയിരിക്കുകയാണ്. ജയലളിതയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ മനം നൊന്ത് ആരെങ്കിലും മഹാ ആഴിയിലേക്ക് ചാടുമോ എന്ന ഭയവും ഉണ്ട്. അതിനാല്‍ ആഴിയ്ക്ക് ചുറ്റും വടം കെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ആഴിയ്ക്ക് ചുറ്റം വടം കെട്ടിയത്.