ജയലളിതയുടെ ഭരണവും മരണവും: മറയ്ക്കാന്‍ ശ്രമിക്കുന്നത് എന്താണ്?

jayalalitha
പ്രതിച്ഛായ നിര്‍മ്മിതിയുടെയും വ്യാജ പൊതുബോധസൃഷ്ടിയുടെയും ക്ലാസിക്കല്‍ ഉദാഹരണമാണ് ജയലളിതയുടെ ഭരണവും മരണവും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുരടിച്ച വളര്‍ച്ചയുടെ ദയനീയചിത്രം കൂടിയാണവ. മഹാറാണിമാരുടെയും/രാജാക്കന്മാരുടെയും പ്രജാവാത്സല്യത്തിനും ജനാധിപത്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കും തമ്മില്‍ പ്രകാശവര്‍ഷങ്ങളുടെ അകലങ്ങളുണ്ട് എന്ന സാമാന്യബോധത്തെ അത് വിദഗ്ദമായി മായ്ച്ചുകളയുന്നു.

അതിദേശീയതയും ഹിന്ദുത്വ വര്‍ഗീയതയും ചേര്‍ത്തുവെച്ച മോദിയുടെ 56 ഇഞ്ച് സുല്‍ത്താനിയത്തിലേക്കുള്ള വരവ് ജയലളിതയുടെ പുരട്ച്ചി പരീക്ഷണങ്ങളുടെ മറ്റൊരു രൂപമാണ്. അഴിമതിക്കാരിയെങ്കിലും ജനങ്ങള്‍ക്ക് ഏറെ സൌജന്യങ്ങള്‍/ആനുകൂല്യങ്ങള്‍ നല്കി എന്ന തരത്തിലുള്ള സുരക്ഷിതമായ വാഴ്ത്തിനാണ് പുരോഗമനകാരികള്‍ക്കിടയില്‍ പ്രചാരം. അവകാശങ്ങള്‍ക്ക് പകരം ഭരണാധികാരികളുടെ പിറന്നാളുകളില്‍ അവരുടെ മുഖമുദ്രയോടുകൂടിയ ആനുകൂല്യങ്ങള്‍ കൈപ്പറ്റി, സ്തുതിപാടി പോരേണ്ടിവരുന്നത് ഒരു ജനതയുടെ ഗതികേടാണ്. വികസനത്തിനല്ല സ്വാതന്ത്ര്യത്തിനാണ് മനുഷ്യര്‍ എക്കാലവും ഏറ്റവും തീക്ഷ്ണമായി സമരം ചെയ്തിട്ടുള്ളത്.

തമിള്‍നാട്ടിലെ ഏറ്റക്കുറച്ചിലുകളോടുകൂടിയ ബ്രാഹ്മ്ണ്യ വിരുദ്ധ, ദ്രാവിഡ രാഷ്ട്രീയത്തിന്റെ സകല പുരോഗമന ധാരകളും ചോര്‍ത്തിക്കളഞ്ഞതിലെ അവസാന കണ്ണിയായിരുന്നു ജയലളിത. ങഏഞല്‍ തുടങ്ങിയിരുന്നു ആ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൈമോശം. അപ്പുറത്ത് കക്ഷിരാഷ്ട്രീയത്തിന്റെ സകല കുതിതിരുപ്പുകളിലും ഉള്‍പ്പെട്ട ഡി എം കെയും തങ്ങളാല്‍ ആവുന്നത്ര ഈ ജീര്‍ണതയ്ക്കു ആക്കം കൂട്ടി.

അഴിമതി ഒരു അവകാശമായി നടത്തിയ ഭരണാധികാരിയായിരുന്നു ജയലളിത. അത് സാമ്പത്തിക അഴിമതി മാത്രമല്ല, മന്ത്രിമാരും ഉദ്യോഗസ്ഥരുമാടക്കം സകലരെയും തന്റെ മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ നിര്‍ബന്ധിതയാക്കിയ അവരുടെ സ്വേച്ഛാധികാര ദുഷ്പ്രഭുത്വം തമിള്‍ ജനതയെ തളച്ചുനിര്‍ത്തിയത് അതിന്റെ ഫ്യൂഡല്‍ കാലങ്ങളിലാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതി വെറുതെ വിട്ടത് കണക്കുകൂട്ടിയത് തെറ്റിച്ചാണെന്ന് അറിയുമ്പോള്‍ തീരാവുന്ന സംശയങ്ങളെ ഉള്ളൂ. ഇത്തരം അഴിമതി ജയലളിത മാത്രമേ നടത്തിയിട്ടുള്ളൂ എന്നല്ല. ഇന്ത്യയിലെ ഭരണവര്‍ഗ രാഷ്ട്രീയക്കാരുടെ മുഖമുദ്രയാണ് ഈ അഴിമതി. അവരിലൊരാളാണ് ജയലളിതയും എന്നുമാത്രം.

ഇന്ദിരാഗാന്ധിയില്‍ തുടങ്ങി അഖിലേഷ് യാദവിലും ബീഹാറിലെ ലല്ലൂ യാദവ കുടുംബത്തിലും എത്തിനില്‍ക്കുന്ന ജനാധിപത്യത്തെ അതിന്റെ തന്നെ മാര്‍ഗങ്ങളുപയോഗിച്ചു അപ്രസക്തമാക്കുന്ന കുടുംബാധികാര വാഴ്ച്ച ഇന്ത്യന്‍ ജനതയെ വെല്ലുവിളിക്കുകയാണ്. ഏതാണ്ടെല്ലാ സംസ്ഥാനത്തും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള നേതാക്കള്‍ കുടുംബവാഴ്ച്ചയുടെ ഉത്പന്നങ്ങളാണെന്ന് വരുന്നു. അതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ് ജയലൈത അവശേഷിപ്പിച്ച ശശികല ഘടകവും. ജയലളിതയുമായുള്ള അടുപ്പം മാത്രമാണു ശശികലയെ തമിഴ് രാഷ്ട്രീയത്തിലെ ‘ചിന്ന അമ്മ’യാക്കി മാറ്റിയത്. രാഷ്ട്രീയാധികാരം ഒരു ഒസ്യത്തായാണ് കൈമാറുന്നത്.

നേതാവിന്റെ ദയാദാക്ഷിണ്യമാണ് ഒരു ജനതയുടെ സന്തോഷത്തിന്റെ അടിസ്ഥാനമെങ്കില്‍ അത് ജനാധിപത്യമല്ല. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ തമിള്‍നാട് മറ്റ് പല സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട പ്രക്ടനം കാഴ്ച്ചവെച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. പക്ഷേ അതൊന്നും രാഷ്ട്രീയാധികാരത്തിന്റെ പരിസരങ്ങളെ അശ്ലീലമാം വിധ സ്വേച്ഛാധികാരത്തിന്റെ കെട്ടുകാഴ്ച്ചകളാക്കിയ ഒരു ഭരണാധികാരിയെ വാഴ്ത്താനുള്ള കാരണങ്ങളാകുന്നില്ല.

ദേശീയമാധ്യമങ്ങളിലെല്ലാം നിറയുന്ന ഈ പൊതുവികാരപാരവശ്യവും അരാഷ്ട്രീയമായ വ്യക്തിത്വവിശകലനങ്ങളും ബോധപൂര്‍വം സൃഷ്ടിക്കുന്ന അന്തരീക്ഷം ‘അമ്മ’ നിര്‍മ്മിതിയുടെ കാപട്യത്തെ കൊണ്ടാടുന്നതാണ്. മരണം ആരെയും വിശുദ്ധരാക്കുന്നില്ല. മരണം അവരെ ഇനി മുതല്‍ ഇല്ലാതാക്കുക മാത്രമാണ് ചെയ്യുന്നത്.

ജയലളിതയെക്കുറിച്ചുള്ള അമ്മസ്‌നേഹ കുറിപ്പുകള്‍ ജനാധിപത്യത്തെക്കുറിച്ച് നമുക്കെത്ര ശുഷ്‌കമായ മോഹങ്ങളാണ് ഉള്ളത് എന്ന ഭയപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പുകള്‍ കൂടിയാണ്.
തമിള്‍നാട്ടില്‍ കാണുന്ന ഈ വലിയ ദുഖക്കടലിനെ നാം അവിശ്വസിക്കേണ്ടതില്ല. പക്ഷേ അത് അങ്ങനെ ദുഖിക്കാന്‍ സാമൂഹ്യമായും രാഷ്ട്രീയമായും പാകപ്പെട്ട ഒരു ജനതയുടെ പ്രകടനമാണ്. അത് വിയോഗവ്യഥകളുടെ കാഴ്ച്ച എന്നതിനെക്കാളേറെ ജനാധിപത്യ രാഷ്ട്രീയം കൊണ്ട് സനാഥരാകാന്‍ കഴിയാത്ത ഒരു വലിയ ജനസമൂഹത്തിന്റെ അടിച്ചേല്‍പ്പിക്കപ്പെട്ട അനാഥത്വത്തിന്റെ വിലാപങ്ങളാണ്.

അവലംബം: മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് പുഴങ്കരയുടെ പോസ്റ്റില്‍ നിന്ന്