ജയലളിതയുടെ മരണകാരണം അന്വേഷിക്കണം എന്ന ആവശ്യവുമായി മോദിക്ക് നടി ഗൌതമിയുടെ തുറന്ന കത്ത്

gautami-ta ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നില്‍ ദുരൂഹതകള്‍ ഉണ്ട് എന്നും അവരുടെ മരണത്തിന്റെ പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് ചലച്ചിത്ര നടി ഗൗതമിയുടെ തുറന്നകത്ത്. ജയലളിതയുടെ മരണത്തിലും ആശുപത്രി വാസത്തിലും സൂക്ഷിച്ച രഹസ്യാത്മകതയാണ് സംശയമുണ്ടാക്കുന്നതെന്നും ഇത് നീക്കണമെന്നും തന്റെ ഔദ്യോഗിക ബ്ലോഗിൽ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ഗൗതമി ആവശ്യപ്പെട്ടിരിക്കുന്നത്. ജയയുടെ മരണത്തെക്കുറിച്ചു നിരവധി ചോദ്യങ്ങളും ‘ട്രാജഡി ആൻഡ് അൺആൻസ്വേർഡ് ക്വസ്റ്റ്യൻസ്’ എന്ന തലക്കെട്ടിൽ എഴുതിയ കത്തിൽ ഗൗതമി ഉയർത്തുന്നുണ്ട്.

ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിൽ എത്തിയിരുന്നു. ആര്‍ക്കും അവരെ നേരിട്ടു കാണുന്നതിന് അവസരം ലഭിച്ചില്ല. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരില്‍നിന്ന് അകറ്റിനിര്‍ത്തിയത് എന്തിനായിരുന്നു? ആരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സിലുണ്ട്. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ ചികിൽസ, രോഗം കുറഞ്ഞതായുള്ള വാർത്ത, അപ്രതീക്ഷിത മരണം തുടങ്ങിയ സാഹചര്യങ്ങളെല്ലാം സംശയാസ്പദമാണ്. 75 ദിവസം നീണ്ട ആശുപത്രിവാസത്തിനിടയിൽ ജയയുടെ ആരോഗ്യത്തെക്കുറിച്ചു പുറത്തുവന്ന ഔദ്യോഗികമായ വിവരങ്ങൾ അപ്പോളോ ആശുപത്രി വല്ലപ്പോഴും പുറത്തിറക്കുന്ന മെഡിക്കൽ ബുള്ളറ്റിനുകൾ മാത്രമായിരുന്നു. ജയലളിതയുടെ രോഗം സംബന്ധിച്ച എല്ലാ വിവരങ്ങളും മൂടിവെച്ചതെന്തിനായിരുന്നു? തിരഞ്ഞെടുത്ത നേതാവിനെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ ദുരന്തത്തിനു പിന്നിലെ കാരണങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോകരുത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നടപടിയെടുക്കുമെന്നാണ് താന്‍ കരുതുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഗൗതമി പോസ്റ്റ് അവസാനിപ്പിക്കുന്നത്.