ട്രെയിന്‍ നിരക്കുകള്‍ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

indian-railw ന്യൂഡല്‍ഹി : തീവണ്ടി യാത്രാനിരക്കുകള്‍ കൂട്ടുവാന്‍ വേണ്ടി വീണ്ടും കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രത്യേക സുരക്ഷ ഫണ്ടായി 1.19 ലക്ഷം കോടി രൂപ നല്‍കണമെന്ന ആവശ്യം ധനമന്ത്രാലയം തള്ളിയതോടെയാണ് റെയില്‍വേ വീണ്ടും യാത്രനിരക്ക് വര്‍ധനക്ക് നീക്കം നടത്തുന്നത്. ധനമന്ത്രാലയത്തിന്‍െറ നിര്‍ദേശം പരിഗണിച്ച് സെക്കന്‍ഡ് ക്ളാസ്, സ്ളീപ്പര്‍, തേര്‍ഡ് എ.സി ക്ളാസുകളിലെ യാത്രനിരക്കില്‍ സുരക്ഷ സെസ് എന്ന പേരില്‍ കാര്യമായ വര്‍ധനയാണ് പരിഗണിക്കുന്നത്. സെക്കന്‍ഡ് ക്ളാസ്, ഫസ്റ്റ് ക്ളാസ് എ.സി ടിക്കറ്റുകളില്‍ നാമമാത്ര വര്‍ധനയും ആലോചിക്കുന്നു. നേരത്തേ ബജറ്റില്‍ വിഹിതം അനുവദിച്ചിരുന്ന ആധുനിക സിഗ്നലിങ്ങും ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കുന്നതും അടക്കമുള്ള പണികള്‍ ‘ദേശീയ റെയില്‍വേ സുരക്ഷ ഫണ്ട്’ എന്ന പേരില്‍ പുതിയ ഫണ്ടുണ്ടാക്കി ചെയ്യാനുള്ള പദ്ധതിനിര്‍ദേശമാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സമര്‍പ്പിച്ചത്. ഇതിന് 1,19,183 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് സുരേഷ് പ്രഭു കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതിനിര്‍ദേശം തത്ത്വത്തില്‍ അംഗീകരിച്ച ധനമന്ത്രി ആവശ്യപ്പെട്ട തുക അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. ചോദിച്ച തുകയില്‍ 25 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കാമെന്നും ബാക്കി 75 ശതമാനം തുക നിരക്ക് വര്‍ധിപ്പിച്ച് സ്വന്തംനിലക്ക് കണ്ടത്തൊനും റെയില്‍വേയോട് ധനമന്ത്രി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് സ്ളീപ്പര്‍, സെക്കന്‍ഡ് ക്ളാസ്, തേര്‍ഡ് എ.സി ക്ളാസ് നിരക്ക് സുരക്ഷ സെസ് എന്ന പേരില്‍ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം എ.സി ക്ളാസ് നിരക്കില്‍ വന്‍ വര്‍ധനയാണ് വരുത്തിയത്. ഇതിന് പുറമെയാണ് വിമാനനിരക്കുപോലെ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ എ.സി ക്ളാസുകളില്‍ ഏര്‍പ്പെടുത്തിയ, തിരക്കിനനുസരിച്ച് നിരക്ക് കൂട്ടുന്ന ‘സര്‍ജിങ് പ്രൈസ്’ ഏര്‍പ്പെടുത്തിയത്. വിമാനനിരക്കിനേക്കാള്‍ കൂടുതലായതിനാല്‍ ട്രെയിനിലെ ഉയര്‍ന്ന എ.സി ക്ളാസ് ഒഴിവാക്കി യാത്രക്കാര്‍ വിമാനയാത്ര തെരഞ്ഞെടുത്തത് റെയില്‍വേക്ക് തിരിച്ചടിയായിത്തീര്‍ന്നു.