നാളെ മുതല്‍ 500 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ മാത്രമേ സ്വീകരിക്കുകയുള്ളു

നാളെ മുതല്‍ രാജ്യത്ത് പിന്‍വലിച്ച 500 രൂപാ പഴയ നോട്ടുകള്‍ ഉപയോഗിക്കുവാന്‍ കഴിയില്ല. നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയപരിധി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. ഇനി ബാങ്ക് അക്കൗണ്ടുകളില്‍ മാത്രമേ പഴയ നോട്ടുകള്‍ നിക്ഷേപിക്കാനാവൂ. സമയപരിധി നീട്ടിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സമയം നീട്ടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, വൈദ്യുതി ബില്ലടയ്ക്കാനുള്ള കൗണ്ടറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ നിലവില്‍ പഴയ 500 രൂപ നോട്ട് സ്വീകരിക്കുന്നുള്ളൂ. പെട്രോള്‍ പമ്പുകളിലും റെയില്‍വെ, വിമാന ടിക്കറ്റുകളെടുക്കാനും 500 രൂപാ നോട്ട് ഉപയോഗിക്കാനുള്ള ഇളവ് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് എടുത്തുകളഞ്ഞിരുന്നു. നവംബര്‍ എട്ടിന് രാത്രി 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം 72 മണിക്കൂറായിരുന്നു അനുവദിച്ചത്. ഇത് പലതവണ നീട്ടി നല്‍കുകയായിരുന്നു. നാളെ മുതല്‍ ഡിസംബര്‍ 31 വരെ ബാങ്ക് അക്കൗണ്ടുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാം. അതേസമയം നോട്ടു നിരോധനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.